റാന്നി: ആകെ വോട്ടർമാരുടെ ഇരുപത് ശതമാനത്തോളം വരുന്ന ഗണ്യമായ വിഭാഗമായ മുതിർന്ന പൗരന്മാരുടെ വിവിധങ്ങളായ അടിയന്തിര ആവശ്യങ്ങളിൽ അനുകൂല നിലപാടു സ്വീകരിക്കുന്ന കക്ഷികളോടും വ്യക്തികളോടും ചേർന്ന് പ്രവർത്തിക്കുക എന്നതാണ് ഈ കാലഘട്ടത്തിന്റെ വയോജന രാഷ്ടീയമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബെന്നി പുത്തൻ പറമ്പിൽ പറഞ്ഞു. ഇട്ടിയപ്പാറയില്‍ നടന്ന വയോജന സൗഹൃദ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേമ പെൻഷന്റെ കേന്ദ്രവിഹിതം വർദ്ധിപ്പിക്കാത്തതിലും അർഹതപ്പെട്ട മുഴുവൻ പേർക്കും നല്കാത്തതിലും നിർത്തലാക്കിയ ട്രെയിൻ യാത്രാ ചാർജ് ഇളവ് പുന:സ്ഥാപിക്കാത്തതിലും കേന്ദ്ര വയോജന കമ്മീഷൻ രൂപീകരിക്കാത്തതിലും കടുത്ത എതിർപ്പും വിദ്വേഷവും മുതിർന്ന പൗരൻമാർക്കുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവസരങ്ങൾ ലഭിച്ചിട്ടും വയോജനങ്ങളുടെ ആവശ്യങ്ങളെ ഗൗനിക്കാതിരുന്നവർക്കെതിരെ ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്നതിനും കൺവൻഷൻ തിരുമാനിച്ചു. എം.എം. ഉസ്മാൻഖാൻ അധ്യക്ഷത വഹിച്ചു. വി.ആർ.ബാലകൃഷ്ണൻ , ഒ.എൻ. യശോധരൻ, പ്രൊഫ. വിശ്വനാഥൻ നായർ.പി.കെ. ആനന്ദൻ , വി.ആർ. സദാശിവൻ എന്നിവർ പ്രസംഗിച്ചു.