റാന്നി: പഴവങ്ങാടി മുക്കാലുമണ്ണില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കാലുമണ്‍ ചക്കുതറയില്‍ സക്കറിയ മാത്യു (76), ഭാര്യ അന്നമ്മ സക്കറിയ(73) എന്നിവരെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സക്കറിയയുടെ മൃതദേഹം ബെഡ്റൂമിനുള്ളിലെ കട്ടിലിലും ഭാര്യയായ അന്നമ്മയെ ഹാളിലെ ഫാനിൽ കെട്ടിത്തൂങ്ങി മരണപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്. സക്കറിയയുടെ മൃതദേഹത്തിന് ഉദ്ദേശം മൂന്ന് ദിവസത്തെ പഴക്കവും അന്നമ്മയുടെ മൃതദേഹത്തിന് ഉദ്ദേശം രണ്ടു ദിവസത്തെ പഴക്കമുള്ളതായും പോലീസ് സംശയിക്കുന്നു. ഇവരെ തിങ്കളാഴ്ച വീടിന് പുറത്തു കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ടു ദിവസമായി എറണാകുളത്തുള്ള മകന്‍ വിളിച്ചിട്ട് ആരും ഫോണ്‍ എടുക്കാതെ വന്നതോടെ ഇയാള്‍ ബന്ധുവിനെ വിളിച്ചു പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിയുന്നു. തുടര്‍ന്ന് ബന്ധു വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ വീടിന്റെ കതക് ചാരിയിട്ട നിലയില്‍ കാണുകയായിരുന്നു.
വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം ഉയരുന്നുമുണ്ടായിരുന്നു. സംശയം തോന്നി ഇയാള്‍ റാന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റാന്നി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിദേശത്തായിരുന്ന ഇരുവരും ഏഴ് വര്‍ഷമായി നാട്ടിലുണ്ട്. സാമ്പത്തിക ബാധ്യതകളില്ലായെന്നാണ് നിഗമനം. സക്കറിയയുടെ മരണത്തെ തുടര്‍ന്ന് അന്നമ്മ ദുഖം താങ്ങാതെ ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. മോഷണ ശ്രമമോ മറ്റു സംശയിക്കുന്ന സാഹചര്യങ്ങളോ പ്രാഥമിക പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റാന്നി ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തില്‍ റാന്നി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.