തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ആശുപത്രിയെ ന്യായീകരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രോഗിക്ക് സംഭവിച്ചത് അത്യപൂർവ്വമായി ഉണ്ടാകാവുന്ന മെഡിക്കൽ സങ്കീർണത ആണെന്നും, അതിൽ ചികിത്സ പിഴവ് ഉള്ളതായി പ്രഥമ ദൃഷ്ട്യാ കാണുന്നില്ലെന്നുമാണ് ഐഎംഎ തിരുവനന്തപുരം ശാഖ പ്രസിഡന്റ് ഡോ ശ്രീജിത്ത് ആർ, സെക്രട്ടറി ഡോ. സ്വപ്ന എസ് കുമാർ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിക്കുന്നത്. അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവതിയാണ് ആഴ്ചകളായി ദുരിത ജീവിതം നയിക്കുന്നത്.
അമിതമായ അളവിൽ കൊഴുപ്പ് നീക്കിയതിനാൽ രക്തകുഴലുകളുടെ പ്രവർത്തനം തകരാറിലാവുകയും ഒൻപത് വിരലുകൾ മുറിച്ചുമാറ്റുകയും ചെയ്യേണ്ടിവന്നിരുന്നു. എന്നാൽ ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനിക് എന്ന സ്ഥാപനത്തിലെ ചികിത്സയിലോ, ചികിത്സാ രീതിയിലോ, അപാകതകൾ ഉള്ളതായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഐഎംഎയുടെ വാദം. അത്യപൂർവ്വമായി സംഭവിക്കുന്ന സങ്കീർണത കാരണം രോഗിയുടെ നില ഗുരുതരമാവുകയായിരുന്നു. നിലവിലുള്ള സംവിധാന പ്രകാരം രോഗിക്ക് ലഭിക്കേണ്ട എല്ലാത്തരത്തിലുള്ള ചികിത്സയും ആശുപത്രിയിൽ നിന്നും നൽകിയിട്ടണ്ടെന്നാണ് മനസിലാക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.