കണ്ണൂര്‍: കേരളം കണ്ട അമേച്വര്‍ ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് സിപിഎം നേതാവ് എ.എന്‍ ഷംസീര്‍. ഓരോദിവസവും വാര്‍ത്താ സമ്മേളനം നടത്തി അദ്ദേഹമത് തെളിയിക്കുകയാണെന്നും ഷംസീര്‍ പറഞ്ഞു. ഗവര്‍ണര്‍ പദവിക്ക് മഹത്വവും മാന്യതയുമുണ്ട്. അതുവിട്ടുകൊണ്ട് തനിരാഷ്ട്രീയക്കാരനെപ്പോലെ അദ്ദേഹം സംസാരിക്കുകയാണ്. കായികമായി ഗവര്‍ണറെ നേരിടുന്ന സംസ്കാരമാണോ കേരളത്തിന്റേതെന്നും ഷംസീര്‍ ചോദിച്ചു.
അദ്ദേഹം പലതുമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയുടെ ചില സ്ഥാനങ്ങളിലേക്ക് എത്തുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പ്രചരിപ്പിച്ചിരുന്നു. ആ നിരാശ പ്രകടിപ്പിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിനോടാണ്. അത് ഭൂഷണമാണോ എന്ന് അദ്ദേഹം തന്നെ സ്വയം ചിന്തിക്കണം. ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടാവേണ്ട പരാമര്‍ശമല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.അദ്ദേഹത്തിന് മീഡിയ മാനിയയാണ്. എല്ലാദിവസവും വാര്‍ത്താസമ്മേളനം നടത്തുന്നതാണോ ഗവര്‍ണറുടെ പണി. ഇത് കേരളീയസമൂഹം അംഗീകരിക്കില്ലെന്നും ഷംസീര്‍ പറഞ്ഞു.