പാലക്കാട് : അണക്കപ്പാറ വ്യാജ കള്ള് നിര്‍മ്മാണം പിടിക്കൂടിയ കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ക്ക് തന്ത്ര പ്രധാന തസ്തികയില്‍ നിയമനം. കുഴല്‍മന്ദം എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ നിന്നും ട്രന്‍സ്ഫര്‍ ചെയ്ത വൈ.സെയ്ദ് മുഹമ്മദ്, പി.ഷാജി എന്നീ ഉദ്യോഗസ്ഥരെയാണ് ആറു ദിവസത്തിനുള്ളില്‍ എക്സൈസ് ഇന്റലിജന്‍സിലേക്ക് സ്ഥലം മാറ്റിയത്. സെയ്ദ് മുഹമ്മദിനെ തന്ത്ര പ്രധാനമായ ജോലികള്‍ ഏല്‍പ്പിക്കരുതെന്ന എക്സൈസ് കമ്മീഷ്ണറുടെ ഉത്തരവ് നിലനില്‍ക്കെയാണ് ഐ.ബിയിലേക്ക് സ്ഥലം മാറ്റിയത്.
വ്യാജ കള്ള് പിടിക്കൂടിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് കൂട്ട സ്ഥലം മാറ്റം നടന്നത്. 27 ന് പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ സ്ഥലം മാറ്റ ഉത്തരവിറക്കിയിരുന്നു. കുഴല്‍ മന്ദം എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ ജോലി ചെയ്തിരുന്ന പ്രീവന്റീവ് ഓഫീര്‍ പി.ഷാജിയെ ഒറ്റപ്പാലം റെയ്ഞ്ചിലേക്കും, വൈ.സെയ്ദ് മുഹമ്മദിനെ കൊല്ലംങ്കോട് റെയ്ഞ്ചിലേക്കുമാണ് സ്ഥലം മാറ്റിയത്. എന്നാല്‍ ഒരാഴ്ച്ചക്കുള്ളില്‍ ഇരുവരെയും പാലക്കാട് ഡിവിഷനിലെ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലേക്ക് മാറ്റി അഡ്മിനിസ്റ്റേഷന്‍ വിഭാഗം എക്സൈസ് അഡീഷ്ണല്‍ കമ്മീഷണര്‍ ഉത്തരവിറക്കിയിരിക്കുകയാണ്.
വ്യാജകളള് നിര്‍മ്മാണം ഉള്‍പെടെയുള്ള പ്രധാനപെട്ട കേസുകള്‍ രഹസ്യമായി അന്വേഷിക്കുന്ന ഇന്റലിജന്‍സ് ബ്യൂറോയിലേക്കാണ് നടപടി നേരിട്ടവരെ മാറ്റിയത്. ഉന്നത ഇടപെടല്‍ മൂലം വ്യാജ കള്ള് നിര്‍മ്മാണ ലോഭിയെ സഹായിക്കുവാനാണ് അസാധരണ നടപടിയെന്നാണ് ഇതിനെതിരായി ഉയരുന്ന വിമര്‍ശനം. വേലന്താവളം എക്സൈസ് ചെക്ക്പോസ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സെയ്ദ് മുഹമ്മദ്. ഇയാളെ ചെക്ക്പോസ്റ്റുകളിലോ, തന്ത്ര പ്രധാനമായ പോസ്റ്റുകളിലോ നിയമിക്കരുതെന്ന് 2015 ഫെബ്രുവരി രണ്ടിന് എക്സൈസ് കമ്മീഷ്ണര്‍ ഉത്തരവിറക്കിയിരുന്നു. ഇത് നിലനില്‍ക്കെയാണ് ഇന്റലിജന്‍സ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത്.