റാന്നി: അങ്ങാടി ഗ്രാമ പഞ്ചായത്ത് ഇനി മുതല്‍ ഹരിത പഞ്ചായത്തെന്ന പദവിയിലേക്ക്. മാലിന്യ മുക്ത നവകേരള കാമ്പയിനിലൂടെ പഞ്ചായത്തിലെ വിദ്യാലയങ്ങളെ നേരത്തെ ഹരിത വിദ്യാലയങ്ങൾ ആയി പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി സ്കൂളുകൾക്ക് പെൻ ബൂത്തുകൾ, വേസ്റ്റു ബിൻ എന്നിവയും നൽകിയിരുന്നു. പഞ്ചായത്തിലെ ഘടക ഓഫീസുകൾ, മറ്റ് സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലും ഹരിത പ്രോട്ടോക്കോൾ നടപ്പാക്കി ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 70 ടണ്ണോളം അജൈവമാലിന്യങ്ങൾ ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽ നിന്നും സംഭരിച്ച് ക്ളീൻ കേരള കമ്പനിക്ക് കൈമാറിയിരുന്നു.
കാര്യക്ഷമമായി പ്രവർത്തിക്കുന്ന കര്‍മസേനാംഗങ്ങൾക്ക് പ്രതിമാസം പതിനായിരം രൂപയോളം പ്രതിഫലവും ലഭിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.സതീഷ് കുമാർ ഹരിത പഞ്ചായത്ത് പ്രഖ്യാപനവും ഘടക സ്ഥാപനങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും ഉള്ള ഹരിത കേരള മിഷൻ്റെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി മാത്യൂസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി സ്ഥിരം അധ്യക്ഷൻ ബി. സുരേഷ്, അംഗങ്ങളായ ജെവിൻ കെ. വിത്സൺ, ജലജ രാജേന്ദ്രൻ, സെക്രട്ടറി ആർ. രാജേഷ് കുമാർ, അസി. സെക്രട്ടറി ടി.കെ. സബീന, ഹരിതകർമ സേന കൺസോർഷ്യം പ്രസിഡൻ്റ് ഓമന മോഹൻ, സെക്രട്ടറി സാറാമ്മ ഫിലിപ്പ്, കാർത്തിക, എന്നിവർ പ്രസംഗിച്ചു.