പത്തനംതിട്ട : നിയമം തെറ്റിച്ച് സ്‌കൂള്‍ ഭരണം പിടിക്കാനിറങ്ങിയ സിപിഎമ്മിന് തിരിച്ചടി. അടൂര്‍ അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.വി.എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസിന്റെ ഭരണം പിടിക്കാന്‍ വേണ്ടിയാണ് സിപിഎം ജില്ലാ-പ്രാദേശിക നേതൃത്വം കള്ളക്കളി കളിച്ചത്. വിവരാവകാശത്തിലൂടെ സത്യാവസ്ഥ പുറത്തു വന്നതോടുകൂടി സ്‌കൂള്‍ മൊത്തത്തില്‍ കമ്മാന്‍ ശ്രമിച്ചവര്‍ വെട്ടിലായി.
സര്‍ക്കാര്‍ സര്‍വീസിലിരുന്നയാളെ ലോക്കല്‍ മാനേജരാക്കുകയും അയാള്‍ വിരമിക്കുന്നത് വരെ ആ വിവരം മറച്ച് വെച്ച് ചുമതലയേല്‍ക്കാതിരിക്കുകയും ചെയ്തതാണ് സിപിഎമ്മിന് തിരിച്ചടിയായിരിക്കുന്നത്. ലോക്കല്‍ മാനേജ്‌മെന്റിലെ മറ്റ് അംഗങ്ങള്‍ തട്ടിപ്പ് വിവരാവകാശത്തിലൂടെ പൊളിച്ചടുക്കിയതോടെ മാനേജര്‍ കോടതി കയറും. വിശ്വസ്തനെ ഉപയോഗിച്ച ഭരണം പിടിക്കാമെന്നുള്ള സിപിഎം കുതന്ത്രം ആണ് ഇവിടെ മറ നീക്കി പുറത്തു വരുന്നത്.
അടൂര്‍ എസ്.എന്‍.ഡി.പി യൂണിയന്റെ കീഴില്‍ അങ്ങാടിക്കല്‍ തെക്ക് 171-ാം നമ്പര്‍ ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂള്‍. ഇടതു അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ജില്ലാ സെക്രട്ടറിയും അറന്തക്കുളങ്ങര ഗവ. എല്‍പിഎസിലെ പ്രഥമാധ്യാപനുമായിരുന്ന രാജന്‍ ഡി ബോസിനെയാണ് സ്‌കൂള്‍ ഭരണം പിടിക്കാന്‍ സിപിഎം കെട്ടിയിറക്കിയത്. കഴിഞ്ഞ ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാജന്‍ ഡി ബോസിനെ പുതിയ ലോക്കല്‍ മാനേജരായി തെരഞ്ഞെടുത്തു. ഈ സമയം രാജന്‍ സര്‍ക്കാര്‍ ജോലിയിലുണ്ടായിരുന്നു. മുന്‍ മാനേജര്‍ കെ. ഉദയന്‍ കഴിഞ്ഞ ജനുവരി 31 ന് തന്റെ സ്ഥാനം ഒഴിഞ്ഞു.
ഫെബ്രുവരി ഒന്നിന് രാജന്‍ ഡി ബോസ് മാനേജരുടെ ചുമതല ഏല്‍ക്കുകയും ചെയ്തു. ഈ വിവരം ബന്ധപ്പെട്ട പത്തനംതിട്ട വിദ്യാഭാസ ജില്ലാ ഓഫീസറെ അറിയിച്ചിരുന്നില്ല. സര്‍ക്കാര്‍ സര്‍വീസില്‍ അറന്തക്കുളങ്ങര ഗവ. എല്‍പിഎസില്‍ പ്രഥമാധ്യാപകനായ രാജന് എയ്ഡഡ് സ്‌കൂളിന്റെ ലോക്കല്‍ മാനേജര്‍ പദവി നിയമപരമായി ഏറ്റെടുക്കാന്‍ കഴിയില്ല എന്നതായിരുന്നു കാരണം. എന്നാല്‍ മാര്‍ച്ച് 10 ന് മുന്‍ മാനേജര്‍ ഉദയന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ തന്റെ നിയമന കാലാവധി ജനുവരി 31 ന് അവസാനിച്ചിരുന്നുവെന്നും ഫെബ്രുവരി ഒന്നിന് അങ്ങാടിക്കല്‍ തെക്ക് പേരകത്ത് (ശ്രീപ്രിയ) വീട്ടില്‍ രാജന്‍ ഡി. ബോസ് മാനേജരായി ചുമതലയേറ്റിരുന്നുവെന്നും പറഞ്ഞിരുന്നു. ഈ കത്താണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. മെയ് 31 ന് രാജന്‍ ഡി. ബോസ് സര്‍വീസില്‍ നിന്ന് വിരമിച്ചു.
ലോക്കല്‍ മാനേജരുടെ മാറ്റം വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കണമെങ്കില്‍ ചേഞ്ച് ഓഫ് മാനേജ്‌മെന്റിന് പുതിയ മാനേജര്‍ അപേക്ഷ നല്‍കണം. ഇങ്ങനെ ഒരു അപേക്ഷ മെയ് ഏഴുവരെ നല്‍കിയിട്ടുമില്ല. അങ്ങാടിക്കല്‍ ശാഖാ കമ്മറ്റിയംഗം സെനി രാജ് ഇതു സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് വിവരാവകാശ നിയമപ്രകാരം രണ്ടു ചോദ്യം ഉന്നയിച്ചിരുന്നു. അങ്ങാടിക്കല്‍ എസ്.എന്‍.വി.എച്ച്.എസ്. എസിന്റെ മാനേജ്‌മെന്റില്‍ മാനേജരുടെ മാറ്റത്തിന് അപേക്ഷ ലഭിച്ചുണ്ടോ എന്നായിരുന്നു ആദ്യ ചോദ്യം.
ഇല്ലെന്ന് മറുപടിയും ലഭിച്ചു. രണ്ടാമത്തെ ചോദ്യം സര്‍ക്കാര്‍ ജീവനക്കാരായവര്‍ക്ക് എയ്ഡഡ് സ്‌കൂളിന്റെ മാനേജര്‍ സ്ഥാനത്ത് ഇരിക്കാന്‍ പറ്റുമോ എന്നായിരുന്നു. നിലവിലുള്ള നിയമപ്രകാരം സാധിക്കില്ലെന്നായിരുന്നു ഡിഇഓയുടെ മറുപടി. മാര്‍ച്ച് 17 നാണ് സെനിരാജ് അപേക്ഷ നല്‍കിയത്. ഏപ്രില്‍ 13 ന് മറുപടി ലഭിക്കുകയും ചെയ്തു. ഈ കാലയളവിലെല്ലാം മാനേജരുടെ ചുമതല വഹിക്കുന്ന രാജന്‍ ഡി ബോസ് അറന്തക്കുളങ്ങര എല്‍പിഎസില്‍ ഹെഡ്മാസ്റ്റര്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ശാഖാ കമ്മറ്റിയംഗങ്ങള്‍ കോടതിയെ കൂടി സമീപിച്ചതോടെ സിപിഎമ്മിന് വാലില്‍ തീപിടിച്ച കുരങ്ങിന്റെ അവസ്ഥയായി. സിപിഎം ജില്ലാ സെക്രട്ടറിയുടെയും ലോക്കല്‍ നേതാക്കളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഭരണം പിടിക്കാന്‍ ആസൂത്രിത നീക്കം നടത്തി. തുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാരനായ രാജന്‍ ഡി. ബോസ് ലോക്കല്‍ മാനേജര്‍ ആയത്. അതാണിപ്പോള്‍ സിപിഎമ്മിനെ വട്ടം ചുറ്റിക്കുന്നത്. നിലവിലുള്ള നിയമപ്രകാരം രാജന്‍ ഡി ബോസിന് ഇത് വന്‍ തിരിച്ചടി ആകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.