വൈക്കം : കായിക്കരയില്‍ നഗരസഭയിലെ 25-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 4-ാം നമ്പര്‍ അങ്കണവാടിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. വൈക്കം പോളശേരി മായിത്തറ അജീഷിന്റെ മകന്‍ ഗൗതമിനാണ് പരിക്കേറ്റത്. മെഡികല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ (ഐസിഎച്) ഗൗതം ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേസമയം മറ്റൊരു കുട്ടിയും ഹെല്‍പറും അദ്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടം. 12 കുട്ടികളുള്ള അങ്കണവാടിയില്‍ തിങ്കളാഴ്ച രണ്ട് കുട്ടികളും ഹെല്‍പര്‍ എം.ജി സിന്ധുവും മാത്രമാണുണ്ടായിരുന്നത്. വര്‍കര്‍ അവധിയിലായിരുന്നു. കെട്ടിടത്തിനുള്ളില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ ഒരു വശത്തെ ഭിത്തി വെളിയിലേക്കു തകര്‍ന്നു വീഴുകയും ഭിത്തിയോടു ചേര്‍ന്നുനിന്ന് കളിച്ചിരുന്ന ഗൗതം ഭിത്തിയോടൊപ്പം പുറത്തേക്കു വീഴുകയുമായിരുന്നു. വാടക കെട്ടിടത്തില്‍ എട്ട് മാസം മുന്‍പാണ് അങ്കണവാടി പ്രവര്‍ത്തിച്ചുതുടങ്ങിയത്.