പൂച്ചാക്കൽ: മദ്യ-മയക്കുമരുന്നു മാഫിയകൾ തമ്മിലുള്ള അടിപിടിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനെതിരെ ജനരോഷം ഉയരുന്നു. പെരുമ്പളം പഞ്ചായത്ത് കടേപ്പറമ്പിൽ അഭി എന്ന് വിളിപ്പേരുള്ള അഭിറാം (22) ആത്മഹത്യ ചെയ്തതിലാണ് പ്രതിഷേധം ശക്തമാവുന്നത്. ഏപ്രിൽ 23ന് വീടിന് അടുത്തുള്ള പുരയിടത്തിലാണ് അഭിറാമിനെ തൂങ്ങിമരിച്ചനിലയിൽ മൃതദേഹം കണ്ടത്. അഭിറാമിന്റെ പോക്കറ്റിൽ നിന്നും പോലീസ് കത്ത് കണ്ടെടുത്തിരുന്നു. അതിൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ളതായി പറയപ്പെടുന്നുണ്ട്. എന്നാൽ ഇതിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ കുറേ നാളുകളായി മയക്ക്മരുന്ന് മാഫിയകൾ തമ്മിലുള്ള സംഘർഷം മൂലം ദ്വീപ് നിവാസികളുടെ സ്വൈര്യ ജീവിതം താറുമാറായി കൊണ്ടിരിക്കുകയാണ്. സിപിഐ പെരുമ്പളം ലോക്കൽ കമ്മറ്റി സെക്രട്ടറി രഞ്ജിത്ത് ലാലിന്റെ വീട് ആക്രമിച്ച് അദ്ദേഹത്തെ മർദ്ദിച്ചതും ലഹരി മാഫിയയിൽ പെട്ട യുവാക്കളായിരുന്നു. അവിവാഹിതനും ജനങ്ങൾക്ക് പ്രിയങ്കരനുമായിരുന്നു അഭിറാം. അഭിറാമിന്റെ മരണത്തിന് ഉത്തരവാദികളായ മദ്യ-മയക്ക് മരുന്നു മാഫിയയെ അമർച്ച ചെയ്യണമെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.