മുംബൈ: തനിക്കെതിരെ സിബിഐ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു. സിബിഐയോട് പ്രാഥമിക അന്വേഷണം നടത്താനാണ് മുംബൈ ഹൈക്കോടതി ഉത്തരവ്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. തുടര്‍ നടപടികള്‍ അതിനു ശേഷം എന്നും കോടതി വ്യക്തമാക്കി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ബോംബെ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് നല്‍കി ഹര്‍ജിയിലാണ് നടപടി. ഇതിന് പിന്നാലെയാണ് ധാര്‍മ്മികത ഉയര്‍ത്തി മന്ത്രിസ്ഥാനത്ത് നിന്ന് ദേശ്‌മുഖ് രാജിവെച്ചത്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവാണ് അനില്‍ ദേശ്‌മുഖ്.
ആരോപണം ഉയര്‍ന്ന് ദിവസങ്ങളായിട്ടും ഇദ്ദേഹം താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു.