കോന്നി : തീർത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന ബഹുമുഖ പ്രയോജനമുള്ള റോഡാണ് അഞ്ഞിലികുന്ന് കിഴക്കുപുറം കോട്ടമുക്ക് റോഡ് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അത്യാധുനിക രീതിയില്‍ നവീകരിക്കുന്ന അഞ്ഞിലികുന്ന് കോട്ടമുക്ക് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കിഴക്കുപുറം വായനശാല ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എ ആയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഈ റോഡിന്റെ പ്രാധാന്യം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുവാന്‍ കഴിഞ്ഞതായും ആറു മാസം കൊണ്ട് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധ്യക്ഷ പ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാല്‍, എലിസബത്ത് രാജു, ബെന്നി ഈട്ടിമൂട്ടില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് മലയാലപ്പുഴ മോഹനന്‍, മലയാലപ്പുഴ ശശി, സാമൂവേല്‍ കിഴക്കുപുറം, പിഡബ്ല്യൂഡി ചീഫ് എന്‍ജിനിയര്‍ അജിത് രാമചന്ദ്രന്‍, എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഷീന രാജന്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ എസ്.റസീന, ജിജോ മോഡി, ഒ.ആര്‍. സജി എന്നിവര്‍ സംസാരിച്ചു.
5.5 മീറ്റര്‍ വീതിയില്‍ ആറു കോടി രൂപ മുതല്‍ മുടക്കി ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. നിലവില്‍ ഈ റോഡിന് 3.8 മീറ്റര്‍ വീതിയില്‍ മാത്രമാണ് ടാറിംഗ് ഉള്ളത്. നാലു കിലോമീറ്ററില്‍ അധികം ദൂരമുള്ള റോഡില്‍ ഒരു പൈപ്പ് കലുങ്കും 450 മീറ്റര്‍ നീളത്തില്‍ ഓട നിര്‍മാണവും, 1000 മീറ്റര്‍ ഐറീഷ് ഓടയും നിര്‍മ്മിക്കും. മുന്നറിയിപ്പ് ബോര്‍ഡുകള്‍, ദിശ സൂചിക ബോര്‍ഡുകള്‍, ക്രാഷ് ബാരിയര്‍, റോഡ് സ്റ്റഡ്സ് എന്നിവയും സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി സ്ഥാപിക്കും. റോഡിന്റെ ഒരു വശത്തായി ആറു മീറ്റര്‍ വരെ താഴ്ചയിലുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മാണവും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകളും, ട്രാന്‍സ്‌ഫോര്‍മറുകളും, വാട്ടര്‍ അതോറിറ്റി പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നതിനും പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. മലയാലപ്പുഴ ദേവിക്ഷേത്രം, പൊന്നമ്പി പള്ളി എന്നീ പ്രസിദ്ധമായ ആരാധനാലയങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. ശബരിമല തീര്‍ഥാടകരും അടവി, ഗവി, ആനക്കൂട് എന്നിവിടങ്ങളിലേക്ക് പോകുന്ന ടൂറിസ്റ്റുകളും ഉപയോഗിക്കുന്ന റോഡ് ആധുനിക നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറും.