കൊച്ചി : അച്ഛന്‍ ഉപദ്രവിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അങ്കമാലിയിലെ 54 ദിവസം പ്രായമായ കുഞ്ഞിന്റെ ചികിത്സാച്ചെലവ് ശിശുക്ഷേമസമിതി ഏറ്റെടുത്തു. കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. എന്ത് സംഭവിക്കും എന്ന് പറയാനാകില്ലെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ സോജന്‍ അറിയിച്ചു.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുഞ്ഞ് പൂര്‍ണമായും അബോധാവസ്ഥയില്‍ ആയിരുന്നു എന്ന് ഡോക്ടര്‍ പറഞ്ഞു. ആദ്യം കട്ടിലില്‍ നിന്ന് വീണെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്. കൊതുകിനെ കൊല്ലുന്ന ബാറ്റ് വീശിയപ്പോള്‍ കൊണ്ടതാണെന്ന് പിന്നീട് പറഞ്ഞു. കുഞ്ഞ് ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. തലച്ചോറിന് ചതവ് പറ്റിയിട്ടുണ്ട്. തലയില്‍ രക്തസ്രാവം ഉണ്ട്. രക്തം കട്ടപിടിച്ചു കിടക്കുന്ന അവസ്ഥയാണെന്നും ഡോക്ടര്‍ പറഞ്ഞു.
സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. പെണ്‍കുഞ്ഞ് ആയതുകൊണ്ടാണ് അച്ഛന്‍ കൊലപാതകത്തിന് ശ്രമിച്ചത്. അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞു.