ന്യൂഡല്‍ഹി : കരിനിയമങ്ങള്‍ക്കെതിരെ പോരാട്ട ഭൂമിയിലിറങ്ങിയ കര്‍ഷകര്‍ക്ക് പിന്തുണയുമായി അണ്ണാ ഹസാരെയുടെ ഏകദിന നിരാഹാര സത്യഗ്രഹം. ചൊവ്വാഴ്ച രാവിലെ മുതല്‍ റലിഗാം സിദ്ദിയില്‍ പദ്മാദേവി ക്ഷേത്രത്തിന് സമീപത്താണ് സത്യഗ്രഹം നടത്തുന്നത്. കര്‍ഷകരുടെ താല്‍പര്യത്തിന് അനുസൃതമായി തീരുമാനമെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ മുഴുവന്‍ കര്‍ഷകരും സമരംഗത്തിറങ്ങണമെന്ന് കഴിഞ്ഞ ദിവസം അണ്ണാ ഹസാരെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഏകദിന നിരാഹാര സത്യഗ്രഹവുമായി ഭാരത് ബന്ദ് ദിനത്തില്‍ അദ്ദേഹം രംഗത്തെത്തിയത്.
കഴിഞ്ഞ പത്തു ദിവസത്തിലേറെയായി ഡല്‍ഹി അതിര്‍ത്തിയില്‍ ഒരു അക്രമസംഭവം പോലുമില്ലാതെ സമാധാനപരമായി സമരം നടത്തുന്ന കര്‍ഷകരെ അണ്ണാഹസാരെ പ്രകീര്‍ത്തിച്ചു. ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനുള്ള ശരിയായ സമയമാണിത്. നിലവിലെ കര്‍ഷകപ്രക്ഷോഭം രാജ്യം മുഴുവന്‍ വ്യാപിക്കണം. സര്‍ക്കാരിന്റെ മൂക്കിന് നുള്ളിയാല്‍ വായ് തുറക്കും. എല്ലാ കര്‍ഷകരും തെരുവിലിറങ്ങണം. കര്‍ഷകരുടെ പ്രശ്നത്തിന് സ്ഥിരമായ പരിഹാരം കാണണമെന്നും കഴിഞ്ഞ ദിവസം അണ്ണാ ഹസാരെ പറഞ്ഞിരുന്നു. 2011ല്‍ ജന്‍ ലോക്പാല്‍ ബില്ലിന് വേണ്ടി ഡല്‍ഹിയില്‍ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചതോടെയാണ് അണ്ണാ ഹസാരെ ശ്രദ്ധേയനായത്. അന്ന് രാജ്യവ്യാപക പിന്തുണ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
2017 മുതല്‍ മോദി സര്‍ക്കാര്‍ തനിക്ക് കാര്‍ഷിക മേഖലയെ സംബന്ധിച്ച് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഒന്നുപോലും നടപ്പാക്കിയിെല്ലന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തിറങ്ങിയ അണ്ണാ ഹസാരെക്ക് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനവുമേറെയാണ്. സംഘ്പരിവാറിന്റെ കുഴലൂത്തുകാരനാണ് ഹസാരെയെന്നും കര്‍ഷക സമരത്തിന് വന്‍ ജനപിന്തുണ ലഭിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം രംഗത്തുവന്നതെന്നും ആളുകള്‍ കുറ്റപ്പെടുത്തുന്നു.