ചെന്നൈ: ഡിഎംകെയുടെ (ദ്രാവിഡ മുന്നേറ്റ കഴകം) പൂര്‍ണരൂപം ‘ഡെങ്കിപ്പനി, മലേറിയ, കൊസു’ (ഡി-ഡെങ്കിപ്പനി, എം-മലേറിയ, കെ-കൊസു) എന്നിങ്ങനെയാണെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ. ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ ‘സനാതന ധര്‍മ’ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘കൊസു’ എന്നാല്‍ തമിഴില്‍ കൊതുക് എന്നര്‍ഥം. തമിഴ്നാട്ടില്‍ നിന്ന് എന്തെങ്കിലും ഉന്മൂലനം ചെയ്യേണ്ടതുണ്ടെങ്കില്‍ അത് ഡിഎംകെയെയാണെന്നും അദ്ദേഹം എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ രംഗത്തെത്തിയതിനെയും അദ്ദേഹം വിമര്‍ശിച്ചു. എം.കെ.സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചില നുണകള്‍ പറഞ്ഞുവെന്ന് അണ്ണാമലൈ ആരോപിച്ചു. കഴിഞ്ഞയാഴ്ച ചെന്നൈയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ഉദയനിധി, സനാതന ധര്‍മത്തെ പകര്‍ച്ചാവ്യാധികളായ ഡെങ്കിപ്പനിയുമായും മലേറിയയുമായും ഉപമിച്ചത്. ഇത്തരം കാര്യങ്ങള്‍ എതിര്‍ക്കരുത്, നശിപ്പിക്കുകയാണ് വേണ്ടതെന്നും ഉദയനിധി പറഞ്ഞിരുന്നു.