റാന്നി : റാന്നി താലൂക്കാശുപത്രിക്കായി പുതിയമന്ദിരം നിർമിക്കുമെന്ന പ്രഖ്യാപനത്തിനും വർഷങ്ങളുടെ പഴക്കമായി. ഇനിയും പണികൾ തുടങ്ങിയിട്ടില്ല. ആശുപത്രി നിലവിൽ നേരിടുന്ന സ്ഥലപരിമിതിക്ക് പരിഹാരമായി നിർമിക്കാൻ ലക്ഷ്യമിട്ട കെട്ടിടനിർമാണമാണ് തുടങ്ങാതെ കിടക്കുന്നത്. സ്ഥലമേറ്റെടുക്കൽ നടപടികൾ വൈകിയതാണ് ഇവിടെയും വില്ലൻ. ഇപ്പോൾ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി ടെൻഡർ നടപടികളും പൂർത്തിയാക്കിയെങ്കിലും നിർമാണം തുടങ്ങാൻ കിഫ്ബിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. പുതിയ കെട്ടിടനിർമാണത്തിനടക്കം 51.5 സെന്റ് സ്ഥലമാണ് സർക്കാർ ഏറ്റെടുത്തത്. കെട്ടിട നിർമാണത്തിനായി 12.9 കോടി രൂപ അനുവദിച്ചിരുന്നു.
ഒ.പി.ബ്ലോക്കായിട്ടാണ് പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതിയിട്ടിട്ടുള്ളത്. ആശുപത്രിക്കായി പുതിയ കെട്ടിടത്തിനുള്ള നടപടികളെല്ലാം പൂർത്തിയാക്കി ഫണ്ട് അനുവദിച്ചപ്പോഴും സ്ഥലം ഏറ്റെടുത്തിരുന്നില്ല. പിന്നീടാണ് ഇതിനുള്ള നടപടികൾ ആരംഭിക്കുന്നത്. 2023-ൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി. 30 സെന്റ്, 21.5 സെന്റ് എന്നിങ്ങനെ രണ്ട് പ്ലോട്ടുകൾ ചേർത്ത് 51.5 സെന്റാണ് ഏറ്റെടുത്തത്. 2019-ൽ തയ്യാറാക്കിയ പദ്ധതി 2024-ലും കടന്നുപോകുന്നു. നടപടികൾ പൂർത്തിയായതിനാൽ അടുത്തവർഷം നിർമാണം ആരംഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. മലയോരമേഖലയിൽനിന്നടക്കം നൂറ് കണക്കിന് രോഗികൾ ചികിത്സതേടി എത്തുന്ന ആശുപത്രിയാണിത്. ജില്ലയിലെ ലഹിരിവിമുക്ത ചികിത്സാസെന്ററും ഇവിടെയാണ് പ്രവർത്തിക്കുന്നത്. നാലുനിലകളോടുകൂടിയ രണ്ട് ബ്ലോക്കുകളുണ്ടെങ്കിലും 100 കിടക്കുകളുള്ള ആശുപത്രിയിൽ സ്ഥലപരിമിതി ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതേത്തുടർന്നാണ് ഒരു പുതിയകെട്ടിടംകൂടി നിർമിക്കുന്നതിന് തീരുമാനിച്ചത്.