വാഷിങ്ടൺ : വ്യാപന ശേഷി കൂടിയ കോവിഡ് വൈറസിന്‍റെ പുതിയൊരു വകഭേദം അമേരിക്കയിൽ പടരാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്‍റെ മുന്നറിയിപ്പ്. യു.കെയിൽ പടർന്നുപിടിക്കുന്ന അതിതീവ്ര കോവിഡ് വകഭേദത്തെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ള പുതിയ വകഭേദം അമേരിക്കയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. വൈറസിന്റെ യു.എസ് വകഭേദം ഇതിനോടകം തന്നെ രാജ്യത്ത് പടർന്നുകൊണ്ടിരിക്കുകയാണെന്നും അമേരിക്കൻ മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ വസന്തകാലത്തും വേനൽകാലത്തും റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളെക്കാൾ ഇരട്ടിയോളം വർധനവാണ് അടുത്തിടെ അമേരിക്കയിലുണ്ടായത്.
ഈ വർധനവ് കോവിഡിന്റെ പുതിയ വകഭേദം രൂപപ്പെട്ടുവെന്നതിന്റെ സൂചനയാണ് നൽകുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. മുഖാവരണവും സാമൂഹിക അകലവും കൃത്യമായി പാലിച്ചില്ലെങ്കിൽ മഹാമാരി വളരെ വേഗത്തിൽ വ്യാപിക്കുമെന്നും സാഹചര്യം കൂടുതൽ വഷളാകുമെന്നും ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നൽകുന്നു. രോഗവ്യാപനം തടയാൻ മികച്ച പ്രതിരോധന നടപടികൾ ആവശ്യമാണെന്നും വൈറ്റ് ഹൗസ് കൊറോണ ടാസ്ക് ഫോഴ്സ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളതും അമേരിക്കയിലാണ്. റെക്കോർഡ് കോവിഡ് കേസുകളാണ് വെള്ളിയാഴ്ച അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ മാത്രം 2,90,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,676 മരണവും റിപ്പോർട്ട് ചെയ്തു.