മംഗളൂരു: ട്രെയിനിൽ വീണ്ടും ഞെട്ടിക്കുന്ന മോഷണം. ഏപ്രിൽ ഏഴിന് മംഗളൂരു-ബെംഗളൂരു ട്രെയിനിലെ എസി കോച്ചിൽ 3.91 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ജെപ്പു നിവാസിയായ 74 വയസ്സുള്ള വയോധികയാണ് പരാതിക്കാരി. മകൾക്കും രണ്ട് പേരക്കുട്ടികൾക്കും ഒപ്പം ഏപ്രിൽ 7 ന് ബംഗളൂരു-മംഗലാപുരം ട്രെയിനിൽ യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ അവരുടെ വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോൾ 3.91 ലക്ഷം രൂപ വിലമതിക്കുന്ന 59.885 ഗ്രാം ഭാരമുള്ള രണ്ട് വളകളും ചെയിനും മറ്റ് സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തി.
രാവിലെ 11.30 ഓടെ ട്രെയിനിൽ മറ്റുള്ളവർ ഉറങ്ങിയെങ്കിലും വൃദ്ധ ഉണർന്നിരുന്നു. ട്രെയിൻ മൈസൂരിൽ നിന്ന് പുറപ്പെട്ടതിന് ശേഷം അവളുടെ അടുത്തിരുന്ന ഒരാൾ ഉറങ്ങാതെ ബാഗേജുകൾ നിരീക്ഷിച്ചുകൊണ്ടിരുന്നതായി വയോധിക പറയുന്നു. തുടർന്ന് താൻ സുബ്രഹ്മണ്യയിൽ ഇറങ്ങുമെന്ന് പറഞ്ഞു. പിന്നീട് വയോധിക ഉറങ്ങാൻ പോയി. സംഭവത്തിൽ റെയിൽവേ പോലീസിൽ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിലെ എസി കോച്ചുകളിൽ മോഷണം നടന്നിരുന്നു. യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കളും ഫോണുകളുമടക്കം മോഷ്ടാക്കൾ കവർന്നു.