കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹർജി 28 ന് പരിഗണിക്കുമെന്ന് ഹൈക്കോടതി. ജാമ്യാപേക്ഷയില്‍ വിധി പറയുന്നതുവരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈകോടതി ഉത്തരവിട്ടു. സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ്, എന്‍ഫോഴ്സ്മെന്‍റ് കേസുകളിലായിരുന്നു എം. ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യ ഹർജി.
അറസ്റ്റു ചെയ്യപ്പെടുമെന്ന ആശങ്കയുണ്ടെന്നും എങ്ങനെ എങ്കിലും തന്നെ അകത്തിടണമെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആവശ്യമെന്നും ശിവശങ്കര്‍ വാദിച്ചു. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുന്നുണ്ടെന്ന് എം ശിവശങ്കര്‍ പറഞ്ഞു. 101. 5 മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായി. തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ ആരോഗ്യത്തെ ബാധിച്ചെന്നും എം ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വര്‍ണക്കടത്തിന് സഹായം നല്‍കാന്‍ ദുരുപയോഗിച്ചുവെന്ന് എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്ത് ഗൂഢാലോചനയില്‍ എം ശിവശങ്കര്‍ പങ്കാളിയാണ്. സ്വര്‍ണം കടത്താനും ശിവശങ്കര്‍ സജീവ പങ്കാളിത്തം വഹിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇഡി കോടതിക്ക് കൈമാറി. ശിവശങ്കര്‍ നിസഹകരിക്കുന്നു, അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ശ്രമമെന്നും ഇ.ഡി അറിയിച്ചു.
സ്വര്‍ണക്കടത്തിന്റെ പ്രധാന ആസൂത്രകന്‍ എം.ശിവശങ്കറാകാം. സ്വപ്ന വെറും കരുമാത്രമാകാം, സ്വപ്നയെ മറയാക്കി ശിവശങ്കറാകാം എല്ലാം നിയന്ത്രിച്ചതെന്നും ഇ. ഡി വാദിച്ചു. ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെടുന്നത്. അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടന്നതെന്നും വിശദമായ തെളിവെടുപ്പും ലോക്കര്‍ പരിശോധനയും വേണമെന്നും എന്‍ഫോഴ്സ്മെന്‍റ് ഹൈകോടതിയില്‍ പറഞ്ഞു. കസ്റ്റംസും ജാമ്യാപേക്ഷയെ എതിര്‍ത്തു.
അറിഞ്ഞുകൊണ്ട് കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്ന് എം. ശിവശങ്കര്‍ പറഞ്ഞു, കള്ളപ്പണം വെളുപ്പിക്കുന്നതിന് ഒരു തരത്തിലുള്ള സഹായവും നല്‍കിയിട്ടില്ല. ഇക്കാര്യം ഇ.ഡിയുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാണെന്നും എം ശിവശങ്കര്‍ വാദിച്ചു. തനിക്ക് പങ്കില്ലാത്ത കാര്യങ്ങളിലാണ് ആരോപണങ്ങള്‍. പരിചയം ഉളളയാളെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന് പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വാദിച്ചു.