ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ഇൻഫോസിസിനെതിരെ രൂക്ഷ പ്രതികരണവുമായി ആർഎസ്എസുമായി ബന്ധമുള്ള പ്രസിദ്ധീകരണമായ പാഞ്ചജന്യ. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഇൻഫോസിസ് ദേശവിരുദ്ധ ശക്തികൾക്ക് സഹായമൊരുക്കുകയാണെന്നും പഞ്ചജന്യ ആരോപിച്ചു. കേന്ദ്ര സർക്കാരും ബിജെപിയും ഇൻഫോസിസും ഇതിനോട് പ്രതികരിച്ചിട്ടില്ല.
ധനമന്ത്രാലയത്തിനായി ഇൻഫോസിസ് വികസിപ്പിച്ച ആദായ നികുതി ഇ-ഫയലിങ് പോർട്ടലിൽ തകരാറുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കമ്പനിക്കെതിരെയുള്ള കടന്നാക്രമണം.
സ്ഥാപനം എത്ര വലിയ പദ്ധതികൾ ചെയ്തുവെന്ന് ഇതെഴുതിയ ലേഖകന് അറിയില്ലെന്ന് ഇൻഫോസിസിനെ പ്രതിരോധിച്ചുകൊണ്ട് കമ്പനി മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മോഹൻദാസ് പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരായി വാർത്തകൾ നൽകുന്ന വെബ് പോർട്ടലുകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ഇൻഫോസിസാണെന്നും പാഞ്ചജന്യ ആരോപിക്കുന്നു. പ്രതിപക്ഷവുമായി ചേർന്ന് സർക്കാരിനെതിരെ പ്രവർത്തിക്കുന്നു ആത്മനിർഭർ ഭാരത് പദ്ധതി അട്ടിമറിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പാഞ്ചജന്യയുടെ പുതിയ കവർസ്റ്റോറിയിൽ ഉന്നയിക്കുന്നത്.
ജിഎസ്ടി ആൻഡ് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ തകരാർ ചൂണ്ടിക്കാട്ടിയാണ് ലേഖനത്തിൽ വിമർശനങ്ങളത്രയും. ആവർത്തിച്ച് തകരാർ സംഭവിക്കുന്നത് സംശയം ജനിപ്പിക്കും. ഇൻഫോസിസ് മാനേജ്മെന്റ് മനഃപൂർവ്വം ഇന്ത്യയുടെ സമ്പദ് വ്യസ്ഥയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണമുണ്ട്.
ഇൻഫോസിസ് വഴി ചില രാജ്യവിരുദ്ധ ശക്തികൾ ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളെ ഹനിക്കാൻ ശ്രമിക്കുന്നുണ്ടോ? ലേഖനത്തിൽ ചോദിക്കുന്നു. കേന്ദ്ര സർക്കാരിന് പകരം ഒരു വിദേശ ഇടപാടുകാരാണെങ്കിൽ ഇത്തരത്തിൽ മോശം സർവീസ് നടത്തുമോയെന്നും ചോദ്യമുന്നയിക്കുന്നു.
മേക്ക് ഇൻ ഇന്ത്യയെ കുറിച്ച് പറയുകയും അതിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ആർഎസ്എസെന്ന് കോൺഗ്രസ് നേതാവ് വീരപ്പമൊയ്ലി ഇതിനോട് പ്രതികരിച്ചു.