റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പലതും സാമൂഹ്യ വിരുദ്ധര്‍ തകര്‍ക്കുന്നു. പാത നിര്‍മ്മാണം പൂര്‍ത്തിയായതിന് പിന്നാലെ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരുന്നു. കെ.എസ്.ടി.പിയുടെ ചുമതലയിൽ കരാറുകാർ കാത്തിരിപ്പ് കേന്ദ്രങ്ങൾ മനോഹരമായി ജംഗ്ഷനുകളുടെ ഇരുവശത്തും സ്ഥാപിച്ചിരുന്നു. കൂടാതെ മുൻ എം.എൽ എ യുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈടെക് രീതിയിൽ വേറെയും കാത്തിരിപ്പു കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോൾ ഇവിടെല്ലാം നിറയെ ചപ്പുചവറുകൾ വാരിയിട്ട് വൃത്തികേടാക്കിയിരിക്കുകയാണ്. കെ.എസ്.ടി.പി നിര്‍മ്മിച്ച എസ്.സിപടി ജംങ്ഷനിലെ കാത്തിരിപ്പു കേന്ദ്രത്തിന്‍റെ ചുമര് പൂര്‍ണ്ണമായും തകര്‍ത്തു.
കുത്തി വരച്ചിരുന്ന ചുമരുകള്‍ ഇടിച്ചു പൊളിച്ചു കളയുകയായിരുന്നു. ഒപ്പം മാലിന്യം നിക്ഷേപിക്കുകയും ചെയ്യുന്നതിലൂടെ ദുർഗന്ധം വമിക്കുന്നുമുണ്ട്. റാന്നി വഴിയുള്ള ബസ് സർവീസുകൾ രാത്രി ഏട്ട് മണി കഴിഞ്ഞാൽ തീരെയില്ല. രാത്രിയിലും ആവശ്യമില്ലാതെ കാത്തിരിപ്പുകേന്ദ്രത്തിൽ വന്നിരുന്നു ചിലര്‍ മാലിന്യങ്ങൾ എറിയുന്നതായിട്ടാണ് പരാതി ഉയരുന്നത്. പകൽ നിരവധി യാത്രക്കാർ കടന്നുപോകുകയും ബസുകൾ കാത്തിരിക്കുകയും ചെയ്യുന്നിടമാണ് ഇത്. ഇവർക്ക് ഇവിടേയ്ക്ക് കയറാൻ കഴിയുന്നില്ല. വൃത്തിയാക്കി സംരക്ഷിക്കേണ്ട ചുമതല ആർക്കാണെന്ന തർക്കത്തിലാണ് ബന്ധപ്പെട്ട അധികൃതര്‍.