തൊടുപുഴ: പുരാവസ്തുക്കള്‍ മോഷണം നടത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 5 പേര്‍ അറസ്റ്റില്‍. സിപിഎം പന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി കരിമണ്ണൂര്‍ പന്നൂര്‍ തെറ്റാമലയില്‍ വിഷ്ണു (22)സുഹൃത്തുക്കളായ തച്ചുമഠത്തില്‍ പ്രശാന്ത്(24), പാറയ്ക്കല്‍ വീട്ടില്‍ രാകേഷ് (30), തച്ചുമഠത്തില്‍ സുധി(28), കാവാട്ടുകുന്നേല്‍ സനീഷ് (19)എന്നിവരെയാണ് ഇന്നലെ വൈകിട്ട് കരിമണ്ണൂര്‍ പോലീസ് മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുള്ളത്. ജലസേചന വകുപ്പില്‍ നിന്നും പെന്‍ഷന്‍ പറ്റിയ ഉപ്പുകുന്ന് അറയ്ക്കല്‍ ജോണ്‍സന്റെ വീട്ടില്‍ ഈ മാസം 19-ന് നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പോലീസ് ഇവരെ അറസ്റ്റുചെയ്തിട്ടുള്ളത്. വിഷ്ണുവിനെ സി പി എം ഓഫീസില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നൂ.
പഴയകാലത്തെ 10 എച്ച് പി യുടെ മോട്ടോറുകള്‍, വാല്‍വ് റേഡിയോകള്‍, ഗ്രാമഫോണുകള്‍, പരമ്പരാഗതമായി കൈമാറിക്കിട്ടിയ വീട്ടുപകരണങ്ങള്‍ ,വിഗ്രഹം തുടങ്ങിയ 15 ഇനം വസ്തുക്കള്‍ നഷ്ടപ്പെട്ടതായിട്ടാണ് ജോണ്‍സണ്‍ പോലീസിന് നല്‍കിയ പരാതിയില്‍ സൂചിപ്പിട്ടുള്ളത്.
മോഷണ മുതലുകള്‍ മാറ്റുന്നതിനായി രണ്ട് കാറുകള്‍, ഒരു ഓട്ടോറിക്ഷ, ബൈക്ക് എന്നിവ ഉപയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാറുകളിലൊന്ന് പ്രശാന്തിന്റേതാണ്. ഈ കാര്‍ കസ്റ്റഡിയിലൈടുക്കുന്നതിനായി പോലീസ് ഇന്നലെ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ സ്റ്റാര്‍ട്ടാവാത്തതിനാല്‍ ഈ നീക്കം വിഫലമായി. പൊളിക്കാന്‍ ആക്രി വിലയ്ക്ക് വിറ്റ കാറായിരിക്കാം ഇതെന്നാണ് പോലീസ് സംശയിക്കുന്നത്. താന്‍ സ്വന്തമായി റിപ്പയറിങ് നടത്തിയാണ് കാര്‍ കൊണ്ടുനടന്നിരുന്നതെന്നാണ് പ്രശാന്ത് പോലീസിനെ അറിയിച്ചിട്ടുള്ളത്. അതിനാല്‍ ഇന്ന് ഇയാളെ എത്തിച്ച് കാര്‍ സ്റ്റാര്‍ട്ടാക്കി കസ്റ്റഡിയിലാക്കുന്നതിനാണ് പോലീസ് ലക്ഷ്യമിട്ടിട്ടുള്ളത്.
മോഷ്ടിച്ച സാധനങ്ങള്‍ പലസ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളതായിട്ടാണ് പിടിയിലായവര്‍ പോലീസിനെ അറിയിച്ചിട്ടുള്ളത്. ഇന്ന് ഇവിടങ്ങളില്‍ തെളിവെടുപ്പുനടത്തി മോഷണ മുതലുകള്‍ വീണ്ടെടുക്കുന്നതിനാണ് പോലീസ് നീക്കം. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കും.