കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. ഭാര്യ കൈവശപ്പെടുത്തിയ പെന്‍ഡ്രൈവ് ആവശ്യപ്പെട്ടാണ് യുവതിയെ ക്രൂരമായി മര്‍ദിച്ചത്. നാദാപുരം ചാലപ്പുറം സ്വദേശികളായ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോഴിക്കോട് സെഷന്‍സ് കോടതി വിധി പറഞ്ഞത്. ഏപ്രില്‍ മൂന്നിനാണ് ജാഫറും സഹോദരങ്ങളും ചേര്‍ന്ന് കേസിലെ പരാതിക്കാരിയായ വടകര കീഴല്‍ സ്വദേശി റുബീനയെ മര്‍ദിച്ച് പരിക്കേല്‍പിച്ചത്.
കേസിലെ ഒന്നാം പ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവുമായ പിലാവുള്ളതില്‍ കുന്നോത്ത് ജാഫര്‍, രണ്ട് സഹോദരങ്ങള്‍ എന്നിവരുടെ ജാമ്യപേക്ഷയാണ് കോടതി തള്ളിയത്. കേസില്‍ ജാഫറിന്റെ പിതാവിനെയും മാതാവിനെയും അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ ജാഫര്‍ സഹോദരങ്ങളെയും കൂട്ടി ചാലപ്പുറത്തെ വീട്ടില്‍ എത്തിയാണ് അക്രമം നടത്തുന്നത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ റുബീന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സ തേടുകയും നാദാപുരം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.