റാന്നി : മഴ ശക്തമായതിനെ തുടര്‍ന്ന് റാന്നി കുരുമ്പന്‍മൂഴി കോസ് വേ യില്‍ വെള്ളം പൊങ്ങിയതിനാല്‍ ഒറ്റപ്പെട്ടു പോയ കുരുമ്പന്‍മൂഴി നിവാസികളെ കാണാന്‍ ആന്റോ ആന്റണി എം.പി, അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ എന്നിവര്‍ നേരിട്ടെത്തി. എന്‍.ഡി.ആര്‍.എഫിന്റെ സഹായത്തോടെ ബോട്ടില്‍ നദി കടന്ന് അക്കരെയെത്തിയാണ് ഇരുവരും ജനങ്ങളെ കണ്ടത്.
എല്ലാവര്‍ക്കും അവശ്യസാധനങ്ങള്‍ ഉണ്ടെന്നും നിലവില്‍ ആളുകള്‍ക്ക് മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്നും വിലയിരുത്തി. അടിയന്തര സാഹചര്യമുണ്ടായാല്‍ എന്‍.ഡി.ആര്‍.എഫിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഇരുവരും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയിംസ്, റാന്നി തഹസില്‍ദാര്‍ രമ്യ.എസ്.നമ്പൂതിരി, വില്ലേജ് ഓഫീസര്‍ സാജന്‍ ജോസഫ് തുടങ്ങിയവര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.