തിരുവനന്തപുരം : മന്ത്രി ആന്റണി രാജുവിന് എതിരായ തൊണ്ടിമുതല്‍ കേസ് നിയമസഭയില്‍ ഉന്നയിച്ചും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷം. കേട്ടാല്‍ നാണംകെട്ടു പോകുന്നതും അറപ്പ് ഉളവാക്കുന്നതുമായ പ്രവൃത്തി നടത്തിയ ഒരാള്‍ മന്ത്രിസഭയില്‍ ഇരിക്കുകയാണെന്നും ഇതു കേരളത്തിന് അപമാനമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വി.ഡി സതീശനാണു വിഷയം ഉന്നയിച്ചത്. തനിക്കെതിരെയുള്ള യുഡിഎഫ് സര്‍ക്കാരുകളുടെ വേട്ടയാടലിന്റെ ഉദാഹരണമാണ് ഈ കേസെന്നും കുറ്റാരോപണം താന്‍ നിഷേധിക്കുകയാണെന്നും ആന്റണി രാജു മറുപടി നല്‍കി. ഇരുവരും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കും സഭ വേദിയായി.
മന്ത്രിക്കെതിരെയുള്ള പഴയ കേസ് ഗുരുതരമായി ഉയര്‍ന്നുവന്നിരിക്കുന്നു എന്നു സതീശന്‍ പറഞ്ഞു. അടിവസ്ത്രത്തില്‍ ഹഷീഷ് ഒളിപ്പിച്ചു വന്ന വിദേശിയെ കേസില്‍ നിന്നു രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം വാങ്ങിച്ചു മുറിച്ച് 10 വയസ്സുകാരന്റേതാക്കി മാറ്റിയെന്നും ആരോപിച്ചു. ഹൈക്കോടതി വിജിലന്‍സിന്റെ അന്വേഷണത്തെത്തുടര്‍ന്നാണ് കേസെടുത്തത്. ഫൊറന്‍സിക് തെളിവുണ്ടെന്നും സതീശന്‍ പറഞ്ഞു. കോടതിയില്‍ നിന്നു തൊണ്ടി മുതല്‍ വക്കീലിന് ഒപ്പിട്ടു വാങ്ങാം എന്ന് അറിയാത്തയാള്‍ 10 വര്‍ഷം ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു എന്നതില്‍ ലജ്ജ തോന്നുന്നുവെന്നും കാള പെറ്റെന്നു കേട്ടപ്പോള്‍ പ്രതിപക്ഷ നേതാവ് കയറെടുക്കുകയാണെന്നും ആന്റണി രാജു തിരിച്ചടിച്ചു.
കോടതിയില്‍ ഒരു തവണ പോലും താനോ തന്റെ അഭിഭാഷകനോ ഹാജരാകാതിരുന്നിട്ടില്ല. തന്റെ അപേക്ഷപ്രകാരം വിചാരണ മാറ്റി വച്ചിട്ടില്ല. 3 തവണയാണ് പോലീസ് അന്വേഷണം നടന്നത്. 2 തവണയും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. തന്നെ പ്രതിയാക്കാനാകില്ലെന്നും തെളിവില്ലെന്നും അന്തിമ അന്വേഷണ റിപ്പോര്‍ട്ടാണ് 3 വട്ടവും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇന്റര്‍പോള്‍ റിപ്പോര്‍ട്ടിലും പേരില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴെല്ലാം ഈ കേസ് ഉയര്‍ന്നു വരും. ഒരു പെണ്ണുകേസിലും പ്രതിയല്ല. സ്ഥാനാര്‍ഥിയായപ്പോള്‍ കേസ് വിവരങ്ങള്‍ പത്രത്തില്‍ നല്‍കിയിരുന്നു. സത്യവാങ്മൂലത്തിലും പറഞ്ഞിരുന്നു. ഇതൊന്നും താന്‍ മറച്ചുവച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.