തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിക്കിടെ അധ്യയനം പൂര്‍ത്തിയാക്കി സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പതുവരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും. പരീക്ഷ ഏപ്രില്‍ രണ്ടിനാണ് അവസാനിക്കുക. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍. അഞ്ചുമുതല്‍ ഒമ്പതുവരെ ക്ലാസുകള്‍ക്ക് എസ്.സി.ഇ.ആര്.ടിയും എസ്.എസ്.കെയും തയാറാക്കിയ ചോദ്യപേപ്പര്‍ ഉപയോഗിച്ചാണ് വാര്‍ഷിക പരീക്ഷ. എല്‍.പി ക്ലാസിലെ കുട്ടികള്‍ പരീക്ഷ ദിവസങ്ങളില്‍ ക്രയോണുകള്‍, കളര്‍ പെന്‍സില്‍ തുടങ്ങിയവ കരുതണം. അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പാഠഭാഗങ്ങളില്‍നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിലെ ചോദ്യ പേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേത് പോലെ ആയിരിക്കും.
സംസ്ഥാന സിലബസില്‍ പഠിക്കുന്ന 34,37,570 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ പൂര്‍ണ അര്‍ഥത്തിലുള്ള വാര്‍ഷിക പരീക്ഷ നടക്കുന്നത്. 2020 വാര്‍ഷിക പരീക്ഷകള്‍ പാതിവഴിയില്‍ നില്‍ക്കവെയാണ് കോവിഡ് വ്യാപനത്തെതുടര്‍ന്ന് സ്കൂളുകള്‍ അടച്ചത്. ബാക്കി പരീക്ഷകള്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ അധ്യയനവര്‍ഷം സ്കൂളുകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നതിനാല്‍ വാര്‍ഷിക പരീക്ഷ നടത്തിയിരുന്നില്ല. ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പൂര്‍ണമായും ക്ലാസ് കയറ്റം നല്‍കുകയായിരുന്നു. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ ഈ മാസം 30നും എസ്.എസ്.എല്‍.സി പരീക്ഷ 31നും ആരംഭിക്കും. ഇവരുടെ മോഡല്‍ പരീക്ഷകള്‍ 16ന് തുടങ്ങി തിങ്കളാഴ്ച പൂര്‍ത്തിയായി. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കഴിയുന്നരീതിയിലാണ് പരീക്ഷ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.-






























