തിരുവനന്തപുരം : ലൈസന്‍സില്ലാത്ത ശിശുക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്താണെന്ന് അനുപമ. ശിശുക്ഷേമസമിതി സെക്രട്ടറി ഷിജുഖാനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് അനുപമ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കും. അതിനിടെ തിരുവനന്തപുരം ദത്ത് വിവാദത്തിലെ കുഞ്ഞിനെ ഇന്നു കേരളത്തിലെത്തിലെത്തിക്കും. കഴിഞ്ഞദിവസം കേരളത്തില്‍ നിന്നെത്തിയ ഉദ്യോഗസ്ഥ സംഘത്തിന് ആന്ധ്രയിലെ ദത്തെടുത്ത ദമ്പതികള്‍ കുഞ്ഞിനെ കൈമാറിയിരുന്നു. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ക്കു കൈമാറിയ കുഞ്ഞിന്‍റെ ഡി.എന്‍.എ ടെസ്റ്റ് നടപടിക്രമങ്ങള്‍ ഇന്ന് ആരംഭിക്കും. ഡിഎൻഎ പരിശോധനക്കായി ആദ്യം കുഞ്ഞിന്റെ സാംപിളാണ് ശേഖരിക്കുക. പരാതിക്കാരായ അനുപമ എസ്.ചന്ദ്രൻ, അജിത്ത് കുമാർ എന്നിവരുടെ സാംപിളുകളും ശേഖരിക്കാനും നോട്ടിസ് നൽകും.
രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിൽ പരിശോധന നടത്താനാണ് സിഡബ്ല്യുസി ഉത്തരവ്. ഫലം രണ്ടു ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് കരുതുന്നത്. അതുവരെ ജില്ലാ ചൈൽഡ് വെൽഫെയർ ഓഫിസറിനാണ് കുഞ്ഞിന്റെ സംരക്ഷണ ചുമതല. കുഞ്ഞിനെ നാട്ടിലെത്തിക്കാനായി ആന്ധ്രയിലേക്ക് പുറപ്പെട്ട ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടോടെയാണ് ആന്ധ്രയിലെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളുടെ വീട്ടിലെത്തിയത്.