ന്യൂഡല്‍ഹി : വിവാഹേതര ബന്ധത്തെക്കുറിച്ച് പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് ഭാര്യയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റിലായി. യുവതിയുടെ ഭര്‍ത്താവ് നവീന്‍ ഗുലേറിയ, വാടക കൊലയാളികളായ സോനു, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. തെക്കന്‍ ഡല്‍ഹിയിലെ മാള്‍വ്യാ നഗറില്‍ വാടക കൊലയാളികളുടെ കുത്തേറ്റ് വ്യാഴാഴ്ചയാണ് യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. കൊലയാളികള്‍ 17 ഓളം തവണ യുവതിയെ കുത്തിയതിന്റെ പാടുകള്‍ ശരീരത്തുണ്ടെന്ന് പോലിസ് പറയുന്നു. അഞ്ചുലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കിയാണ് നവീന്‍ ഗുലേറിയ ഭാര്യയെ കൊന്നതെന്ന് പോലിസിന് വ്യക്തമായി.
രക്തത്തില്‍ കുളിച്ച യുവതിയുടെ മൃതദേഹം ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി സൗത്ത് ഡല്‍ഹി ഡിസിപി ബെനിറ്റ മേരി ജെയ്ക്കര്‍ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെ കുട്ടിയെ വീട്ടിലാക്കാനെത്തിയ ജോലിക്കാരനാണ് കുത്തേറ്റ് കിടക്കുന്ന ഭാര്യയുടെ മൃതദേഹം ആദ്യം കണ്ടതെന്നായിരുന്നു നവീന്‍ പോലിസിനെ അറിയിച്ചത്.
എന്നാല്‍, സംഭവസമയത്ത് രണ്ടുപേര്‍ വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നതായും പിന്നീട് മൂന്നുപേര്‍ തിരികെ പോവുന്നതായും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലിസിന് വ്യക്തമായി. ഇതിന് പിന്നാലെ നവീന്റെ ഫോണ്‍ പരിശോധിച്ച പോലിസ് ഗോവിന്ദപുരിയില്‍ താമസിക്കുന്ന ഒരു സ്ത്രീയുമായി ഇയാള്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തി. കൊലപാതകം നടന്ന ദിവസം ഈ യുവതിയുമായി നവീന്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചതിനും തെളിവ് ലഭിച്ചു.
തുടര്‍പരിശോധനയില്‍ നവീന്റെ ഇരുചക്ര വാഹനത്തില്‍നിന്ന് 50,000 രൂപയും വാടക കൊലയാളിയുടെ ഫോണും പോലിസിന് ലഭിച്ചു. ഇതിന് പിന്നാലെയാണ് രണ്ട് വാടക കൊലയാളികളെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും ഇവരില്‍നിന്ന് പോലിസ് പിടിച്ചെടുത്തു. നാല് മാസങ്ങള്‍ക്ക് മുമ്പാണ് നവീന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് ഭാര്യ അറിഞ്ഞത്. ഇതെത്തുടര്‍ന്ന് ഭാര്യ ഇയാളെ സംശയിച്ച് തുടങ്ങി. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ നവീന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു.