തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടിയിൽ വീഴ്ചകൾ പുറത്തുവന്നിട്ടും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ സംരക്ഷിച്ച് സിപിഎം. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ലെന്നും കുറ്റം തെളിയുംവരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ഷിജുഖാന്‍ തെറ്റുകാരനല്ലെന്നും നടപടിയുണ്ടാകില്ലെന്നുമാണ് ആനാവൂർ ആവർത്തിച്ചത്. വനിതാ ശിശുവികസന ഡയറക്ടർ റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ല. ശിശുഷേമസമിതിക്ക് തെറ്റുപറ്റിയെന്ന് റിപ്പോർട്ട് വന്നാൽ നടപടി ആലോചിക്കാം. അതുവരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും ആനാവൂർ പറഞ്ഞു.
സർക്കാരിന്റെയും പാർട്ടിയുടേയും അവസാന വാക്ക് ആനാവൂരല്ല എന്നായിരുന്നു ആനാവൂരിന് അനുപമയുടെ മറുപടി. ആനാവൂരും തെറ്റുകാരനാണ്. ഷിജുഖാനെ ആനാവൂർ സംരക്ഷിക്കുന്നത് അതുകൊണ്ടാണെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ വിട്ടു കിട്ടാനായി ഈ മാസം 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ പന്തൽ കെട്ടി സമരം തുടങ്ങിയത്. കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം.
തുടർ സമരപരിപാടികൾ അനുപമ ഇന്ന് പ്രഖ്യാപിക്കും. ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും സിഡബ്ല്യൂസി ചെയർപേഴ്സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം. ദത്ത് നൽകലിൽ ഒരു ക്രമക്കേടുകളും നടന്നില്ലെന്ന വാദങ്ങളെ പൊളിക്കുന്നതാണ് വനിതാ ശിശുവികസന ഡയറക്ടറുടെ റിപ്പോർട്ട്. ദത്ത് നടപടികളിൽ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതരവീഴ്ചയുണ്ടായി എന്നായിരുന്നു ടി.വി അനുപമയുടെ കണ്ടെത്തൽ. എന്നാൽ ഈ റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നാണ് ആനാവൂർ പറയുന്നത്.