ദില്ലി: സനാതന ധര്‍മ്മത്തിനെതിരായ തമിഴ്നാട് കായിക യുവജന ക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ക്കെതിരെ ആഞ്ഞടിച്ച് അനുരാഗ് താക്കൂര്‍. ചില നേതാക്കള്‍ സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞതായും, ഇവര്‍ വെറുപ്പിന്റെ മാള്‍ തുറന്നതായും താക്കൂര്‍ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് താക്കൂറിന്റെ പരാമര്‍ശം.
കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ‘സ്‌നേഹത്തിന്റെ കട’ എന്ന് വിശേഷിപ്പിച്ചതിനെ ചേര്‍ത്ത് പറഞ്ഞാണ് താക്കൂറിന്റെ വിമര്‍ശനം. തനിക്ക് സ്‌നേഹത്തിന്റെ കടയെക്കുറിച്ച് അറിയില്ലെന്നും എന്നാല്‍ ചിലര്‍ വെറുപ്പിന്റെ മാള്‍ തുറന്നതായും താക്കൂര്‍ ആരോപിച്ചു. ഇതിനായി രാഹുല്‍ ഗാന്ധി അവര്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നുള്ളത് വ്യക്തമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.