ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ മകന് വിവേക് ഡോവലിനോട് മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കള്ളപ്പണം വെളുപ്പിക്കാന്‍ വിവേക് ഡോവല്‍ വലിയ തോതില്‍ പണം നിക്ഷേപിച്ചുവെന്ന് ജയറാം രമേശ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിവേക് നിയമനടപടി സ്വീകരിച്ചത്.
ജയറാം രമശിന്റെ ആരോപണം കാരവന് മാഗസിനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന്, തനിക്ക് എതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും തനിക്കും സ്ഥാപനത്തിനും വിലമതിക്കാനാകാത്ത രീതിയില്‍ പ്രതിച്ഛായ നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി വിവേക് ഡോവല്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. നികത്താന്‍ കഴിയാത്ത നഷ്ടമാണ് ജയറാം രമേശ് വരുത്തിയതെന്നും വിവേക് ആരോപിച്ചിരുന്നു.
തന്റെ പിതാവിനോടുള്ള രാഷ്ട്രീയമായ എതിര്‍പ്പ് ജയറാം രമേശ് തീര്‍ക്കുകയായിരുന്നുവെന്നാണ് വിവേക് ഡോവല്‍ നല്കിയ മാനനഷ്ട കേസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. നികത്താന്‍ കഴിയാത്ത നഷ്ടമാണ് ജയറാം രമേശ് വരുത്തിയതെന്നും ഡോവല്‍ ആരോപിച്ചിരുന്നു. മാപ്പ് വിവേക് ഡോവല്‍ അംഗീകരിച്ചതിനാല്‍ ജയറാം രമേശിനെതിരായ മാനനഷ്ട കേസിലെ നടപടി കോടതി അവസാനിപ്പിച്ചു.
അതേസമയം, മാപ്പപേക്ഷിക്കില്ല എന്ന് വ്യക്തമാക്കിയ കാരവന് മാസികയ്ക്കും ലേഖകനുമെതിരായ മാനനഷ്ട കേസ് തുടരും.