കൊച്ചി: ഫിഷറീസ് സീഡ് ആക്ടില്‍ വന്ന ഭേദഗതികള്‍ അക്വേറിയം ഷോപ്പുടമകളുടെയും ചെറുകിട മത്സ്യകര്‍ഷകരെയും വലയ്ക്കുമെന്ന് ആശങ്ക. അലങ്കാര മത്സ്യങ്ങള്‍ വില്‍ക്കുന്നവര്‍ വളര്‍ത്തു മത്സ്യങ്ങളെ (ഭക്ഷ്യയോഗ്യമായവ) വില്‍ക്കരുതെന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ത്ത് അക്വേറിയം ഷോപ്പുകളെ സീഡ് ആക്ടിന്റെ പരിധിയില്‍പ്പെടുത്തിയതാണ് പ്രശ്നമാകുന്നത്. ഒരു വര്‍ഷത്തേക്ക് നല്‍കുന്ന ലൈസന്‍സില്‍ നാലോ അഞ്ചോ ഇനം മത്സ്യങ്ങളെ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നും വ്യവസ്ഥയുണ്ട്.
സംസ്ഥാനത്ത് ആയിരക്കണക്കിന് സംരംഭകരാണ് അക്വേറിയം, അലങ്കാര മത്സ്യകൃഷി, ചെറുകിട ഹാച്ചറി മേഖലയില്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. സീസണ്‍ അനുസരിച്ച് അലങ്കാരമത്സ്യങ്ങളും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയും മാറിമാറി വിപണനം ചെയ്താണ് കൊവിഡ് മഹാമാരിക്കാലത്ത് ഉള്‍പ്പെടെ ഷോപ്പുടമകള്‍ പിടിച്ചുനിന്നത്. വീട്ടുമുറ്റത്ത് ചെറിയ ടാങ്കുകളിലും പടുതാക്കുളത്തിലുമൊക്കെ സ്വന്തം ആവശ്യത്തിന് മത്സ്യകൃഷി ചെയ്യുന്നവര്‍ക്ക് കുഞ്ഞുങ്ങളെയും തീറ്റയും പരിപാലന മാര്‍ഗനിര്‍ദ്ദേശങ്ങളും വാതില്‍പ്പടി സേവനമെന്നപോലെ അക്വേറിയം ഷോപ്പുകളാണ് ലഭ്യമാക്കുന്നത്.
അലങ്കാര മത്സ്യങ്ങള്‍ക്കൊപ്പം വളര്‍ത്തുമത്സ്യങ്ങളെയും പ്രജനനം ചെയ്യിക്കുന്ന ചെറുകിട ഹാച്ചറികള്‍ക്കും നിയമം തിരിച്ചടിയാകും. അശാസ്ത്രിയ നടപടികള്‍ സ്വയം തൊഴില്‍ കണ്ടെത്തിയവരെ നിയമക്കുരുക്കിലേക്ക് തള്ളിവിടാനെ ഉപകരിക്കൂ എന്ന ആശങ്ക അഖില കേരള പെറ്റ്സ് ഷോപ്പ് അസോസിയേഷന്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. ലൈസന്‍സ് സംബന്ധിച്ച വ്യവസ്ഥകളില്‍ വ്യക്തതയില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ തോന്നുംപടി ഷോപ്പുടമകളെ ബുദ്ധിമുട്ടിക്കുകയാണെന്നും അസോസിയേഷന്‍ ആരോപിച്ചു.