ചെന്നൈ: ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്റെ സംഗീത പരിപാടിയ്ക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബു രംഗത്ത്. ഡയമണ്ട് പാസ് ഉണ്ടായിരുന്നിട്ടും തനിക്കും മക്കള്‍ക്കും പ്രവേശനം നിഷേധിച്ചുവെന്ന് ഖുശ്ബു പറഞ്ഞു. സംഭവത്തില്‍ എആര്‍റഹ്മാനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും മാനേജ്മെന്റിന്റെ പരാജയമാണിതെന്നും ഖുശ്ബു പറഞ്ഞു.
‘ആരാധകരെ നിരാശരാക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് റഹ്മാന്‍. ഞാനും എന്റെ മക്കളും സുഹൃത്തുക്കളും ഡയമണ്ട് പാസ് ഉണ്ടായിട്ടും പ്രവേശനം ലഭിക്കാതിരുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. വേദിയിലെത്താന്‍ മൂന്ന് മണിക്കൂറോളം സമയമെടുത്തു. എ.ആര്‍ റഹ്മാനല്ല അതിന് ഉത്തരവാദി. മാനേജ്‌മെന്റിന്റെ പരാജയമാണ്. സംഗീതത്തിലൂടെയും വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും സ്‌നേഹവും സമാധാനവും പടര്‍ത്തുന്ന വ്യക്തിയാണ് റഹ്മാന്‍. അദ്ദേഹത്തിനൊപ്പം നില്‍ക്കൂ’- ഖുശ്ബു കുറിച്ചു. ഞായറാഴ്ച ചെന്നൈയിലെ ആദിത്യരാം പാലസില്‍ നടന്ന മറക്കുമാ നെഞ്ചം എന്ന പരിപാടിയുടെ മോശം സംഘാടനമാണ് വിവാദമായത്. ടിക്കറ്റെടുത്ത് നിരവധി പേര്‍ക്ക് സംഗീത നിശ നടക്കുന്ന ഇടത്തേയ്ക്ക് എത്താന്‍ പോലും ആയിരുന്നില്ല. 25,000 സീറ്റുകള്‍ ഉണ്ടായിരുന്ന പാലസില്‍ 50,000ത്തോളം പേരാണ് എത്തിയത്. വന്‍ തുക ഈടാക്കി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പോലും പരിപാടി കാണാന്‍ സാധിച്ചിരുന്നില്ല.