കോഴഞ്ചേരി : ആറന്മുള ജനമൈത്രി പോലീസിന്റ നേതൃത്വത്തിൽ കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ – ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി. കൊഴിയാതിരിക്കട്ടെ നാളെയുടെ വസന്തങ്ങൾ എന്ന പേരിൽ സ്റ്റേഷൻ പരിധിയിലെ എല്ലാ സ്കൂളുകളിലും ബോധവത്ക്കരണ ക്ലാസ് നടത്തുകയാണ് ലക്‌ഷ്യം. യോഗം എസ് ഐ .സി ഒ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ മത്തായി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. എസ് ഐ സി.കെ.വേണു ക്ലാസ് നയിച്ചു.
വിവിധ രൂപത്തിലും ഭാവത്തിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങൾ നമ്മെ നാശത്തിലേക്കു നയിക്കുകയാണെന്നും ലഹരി മരുന്നുകള്‍ നിത്യജീവിതത്തിൽനിന്നും പൂര്‍ണ്ണമായി ഒഴിവാക്കിയാല്‍ ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ നമുക്ക് കഴിയുമെന്നും ക്ലാസ് നയിച്ച സി.കെ.വേണു പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ഗതാഗത നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചുമുള്ള അറിവ് പകര്‍ന്നു നല്‍കുന്നതായിരുന്നു ക്ലാസ്. കുട്ടികള്‍ വഴി രക്ഷിതക്കളെയും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാൻ ബോധവത്ക്കരിക്കുക എന്നുള്ളതാണ് ആറന്മുള ജനമൈത്രി പോലീസിന്റെ ലക്ഷ്യമെന്ന് വേണു പറഞ്ഞു. വിദ്യാർത്ഥികള്‍ ഇന്ന് കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത് ഭയാനതയോടെ നോക്കി നില്ക്കാനാകില്ല. ശക്തമായ ഇടപെടലുകൾ അനീവാര്യമാണ്. കൗമാരക്കാർ ഉപയോഗിക്കുന്ന ലഹരി മരുന്നുകള്‍ മസ്തിഷ്‌കത്തെയും നാഡീ പ്രവര്‍ത്തനത്തെയും ഇല്ലാതാക്കുന്നു. ഒരു തലമുറയെ തന്നെ ഇല്ലാതാക്കുന്നതാണ് ഇതിന്റെ ഉപയോഗമെന്നും ജനമൈത്രി പോലീസ് പറഞ്ഞു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് ആശാ തോമസ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത്, അദ്ധ്യാപകരായ ആനി പി ശാമുവൽ, സുമിനി ടി വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർ മനീഷ്, നാഷണൽ സർവ്വീസ് സ്കീം സെക്രട്ടറി ഫിന്നി ജോൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.