പത്തനംതിട്ട : ആറന്മുള മണ്ഡലം തിരികെ പിടിക്കാന്‍ പി.സി വിഷ്ണുനാഥ് അല്ലെങ്കില്‍ ചാണ്ടി ഉമ്മന്‍ കളത്തിലിറങ്ങുമെന്നാണ് ഏറ്റവും ഒടുവിലത്തെ സൂചന. എങ്ങനെയും കേരള ഭരണം യു.ഡി.എഫില്‍ എത്തണം, അതിന് ഒരു സീറ്റുപോലും ഏറെ വിലപ്പെട്ടതാണ് എന്ന തിരിച്ചറിവാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷത്തിനും. പി.സി വിഷ്ണുനാഥോ ചാണ്ടി ഉമ്മനോ ആറന്മുളയില്‍ മത്സര രംഗത്ത് വന്നാല്‍ മണ്ഡലം നിഷ്പ്രയാസം തിരികെ പിടിക്കാം എന്നതും ചില നേതാക്കള്‍ കണക്കുകൂട്ടുന്നു. ചില തലമൂത്ത നേതാക്കള്‍ മാത്രമാണ് ഇതിന് തടസ്സം നില്‍ക്കുന്നതെന്നും ആരോപണമുണ്ട്.
എന്നാല്‍ സീറ്റിനുവേണ്ടിയുള്ള ചിലരുടെ ചരടുവലികള്‍ ഇപ്പോഴും തുടരുകയാണ്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് പി.ജെ കുര്യന്‍ ആണെന്നാണ് ആരോപണം. പി.ജെ കുര്യന്റെ സഹായത്തോടെ സീറ്റ് തരപ്പെടുത്തി ആരുനിന്നാലും ദയനീയ പരാജയമായിരിക്കും യു.ഡി.എഫിന് സംഭവിക്കുകയെന്ന് പലരും അടിവരയിട്ടുകഴിഞ്ഞു. കഴിഞ്ഞകാലങ്ങളില്‍ ജില്ലയില്‍ കോണ്‍ഗ്രസിന് ക്ഷീണം സംഭവിക്കാന്‍ പ്രധാന കാരണം ഇത്തരം വഴിവിട്ട നീക്കങ്ങള്‍ ആണെന്നും പറയുന്നു. ജില്ലയിലെ കോണ്‍ഗ്രസിന്റെ ഏക എം.എല്‍.എ ആയ അടൂര്‍ പ്രകാശിനെ കോന്നിയില്‍ നിന്നും കെട്ടുകെട്ടിച്ചപ്പോള്‍ കോന്നിയും ചുവന്നു. ജില്ലയിലെ ഓരോ മണ്ഡലവും എല്‍.ഡി.എഫിന് പതിച്ചുനല്കുന്ന നടപടികളായിരുന്നു ഇതുവരെ നടന്നുവന്നിരുന്നത്. ഇതിനൊരു അറുതി വേണമെന്ന് യുവനിര ആവശ്യപ്പെട്ടുകഴിഞ്ഞു. വെറുതെ സീറ്റ് കളയാന്‍ ആരും മുന്നോട്ടു വരേണ്ടന്നും പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി വിജയസാധ്യതയുള്ളവരെ മാത്രം കച്ചയുടുപ്പിച്ചാല്‍ മതിയെന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
ആറന്മുളയില്‍ ഒരു വികസനവും നടന്നിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് ഉത്ഘാടന മാമാങ്കങ്ങള്‍ മാത്രമാണെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാര്‍ പറഞ്ഞു. കെട്ടിടം പണി പൂര്‍ത്തിയായ കുമ്പഴയിലെ നഗരസഭാ ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോള്‍ ചെയര്‍ പെഴ്സന്‍ റോസിലിന്‍ സന്തോഷ് ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യുകയും വെള്ളം കോരിയോഴിക്കുകയും ചെയ്തത് ജനം മറന്നിട്ടില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഇതേ കുമ്പഴയില്‍ ഒരു ബേക്കറിയുടെ തിണ്ണയിലാണ് കഴിഞ്ഞദിവസം കുമ്പഴ -മലയാലപ്പുഴ റോഡിന്റെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തത്. കടലാസില്‍ കിടക്കുന്ന റോഡുകള്‍ ഉദ്ഘാടനം നടത്തി ജനങ്ങളുടെ കണ്ണില്‍ പോടിയിടുകയാണ് ഇടതുപക്ഷമെന്ന് എ.സുരേഷ് കുമാര്‍ പറഞ്ഞു.