പത്തനംതിട്ട : കഴിഞ്ഞ ഒരാഴ്ചക്കാലമായി ആറന്മുള നിയമസഭാ മണ്ഡലത്തിലെ വണാധികാരിയും യു.ഡി.എഫും തമ്മിലുണ്ടായിരുന്ന തര്‍ക്കം പ്രതിഷേധത്തിനൊടുവില്‍ പരിഹാരമായി.
പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണത്തില്‍ കണ്ടെത്തിയ ക്രമക്കേടുകളെ തുടര്‍ന്ന് യു.ഡി.എഫ് നല്‍കിയ അപേക്ഷയ്ക്ക് മറുപടി നല്‍കാതെ വരണാധികാരി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡി.സി.സി. വൈസ് പ്രസിഡന്റും ചീഫ് ഇലക്ഷന്‍ കോ- ഓര്‍ഡിനേറ്ററുമായ അഡ്വ. എ. സുരേഷ്‌കുമാറും, ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. വി.ആര്‍. സോജിയും ഇന്ന് വീണ്ടും പരാതിയുമായി വരണാധികാരിയുടെ കളക്‌ട്രേറ്റിലെ ഓഫീസില്‍ എത്തി.
ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ടു ചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്ററിന്റെയും പോസ്റ്റല്‍ ബാലറ്റ് അയച്ചതിന്റെയും വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ പകര്‍പ്പും ആകെ അച്ചടിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണവും ഉപയോഗിച്ചതിന്റെയും ഉപയോഗിക്കാത്തതിന്റെയും എണ്ണവുമാണ് യു.ഡി.എഫ്. അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇലക്ഷന്‍ കമ്മീഷന്റെ അനുമതി വേണമെന്ന് വരണാധികാരി ശഠിച്ചപ്പോള്‍ വേണ്ടായെന്ന് നേതാക്കള്‍ വാദിച്ചു. ചര്‍ച്ച നടക്കുന്നതിനിടയില്‍ വരണാധികാരി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. തുടര്‍ന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ചന്ദ്രശേഖരന്‍ കളക്ടറുമായി സംസാരിച്ചശേഷം വരണാധികാരിയുടെ ഓഫീസില്‍ എത്തി പരാതിക്കാരായ എ.സുരേഷ് കുമാറുമായും സോജിയുമായും ചര്‍ച്ച നടത്തി.
അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ വിവരങ്ങളും നാളെ 11 മണിക്ക് നല്‍കാമെന്ന് ഡെപ്യൂട്ടി കളക്ടര്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ച് സുരേഷ് കുമാറും സോജിയും മടങ്ങി. ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ടു ചെയ്ത 23 പേര്‍ക്ക് വീണ്ടും ബാലറ്റ് അയച്ചതായി ആരോപിച്ച് നല്‍കിയ പരാതിയില്‍ രണ്ടെണ്ണം ശരിയാണെന്ന് ആര്‍.ഒ.യ്ക്ക് സമ്മതിക്കേണ്ടിവന്നിരുന്നുവെന്നും എ.സുരേഷ് കുമാര്‍ പറഞ്ഞു.