ആറന്മുള : ഈ വർഷത്തെ അഷ്ടമിരോഹിണി വള്ളസദ്യ ആചാരപരമായ ചടങ്ങുകൾ മാത്രമായി വ്യാഴാഴ്ച നടക്കും. വ്യാഴാഴ്ച രാവിലെ 11.30 നാണ് വള്ള സദ്യ നടക്കുന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ആറന്മുള പാർത്ഥസാരഥിയുടെ തിരുമുറ്റത്തോ ഊട്ടുപുരയിലോ സമൂഹവള്ളസദ്യ നടക്കില്ല.
ചേനപ്പാടിയിൽ നിന്ന് ഭഗവാനുള്ള സമർപ്പണമായി ആയിരം ലിറ്റർ തൈര് വരെ മുൻവർഷങ്ങളിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ പ്രതീകാത്മകമായി ബുധനാഴ്ച വൈകുന്നേരം തൈര് സമർപ്പണം നടത്തി ചേനപ്പാടിയിൽ നിന്നുള്ള ഭക്തർ മടങ്ങി. സമർപ്പണ ചടങ്ങിലേക്ക് ആർക്കും പ്രവേശനമുണ്ടാകില്ല.
അഷ്ടമിരോഹിണി നാളിൽ പാർത്ഥസാരഥി ക്ഷേത്രത്തിൽ തന്ത്രിയാണ് പൂജ നടത്തുന്നത്. ഉച്ചപൂജയോടനുബന്ധിച്ച് 11.30 ന് ഗജമണ്ഡപത്തിൽ സമൂഹവള്ളസദ്യയുടെ സമർപ്പണ ചടങ്ങ് നടക്കും. തുടർന്ന് സമൂഹ വള്ളസദ്യയും. വിഭവങ്ങളേറെയില്ല. പാടി ചോദിക്കുന്ന വിഭവങ്ങളും മറ്റുമായി ചടങ്ങ് നടക്കും.
ആറന്മുളയിൽ അഷ്ടമിരോഹിണി സമൂഹവള്ളസദ്യ നാളായ നാളെ 32 പേർക്ക് മാത്രമാണ് വള്ളസദ്യയിൽ പങ്കെടുക്കുന്നതിന് അനുമതിയുള്ളത്. പള്ളിയോട സേവാസംഘത്തിന്‍റെ പാഞ്ചജന്യം ഹാളിലാണ് ഇത്തവണ വള്ളസദ്യ നടക്കുന്നത്. ക്ഷേത്രത്തിൽ വള്ളസദ്യനടത്താൻ ദേവസ്വം ബോർഡ് അനുമതി നൽകിയിട്ടില്ല. സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ വകുപ്പും പോലീസും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
അരലക്ഷം പേർ മുതൽ ഒരുലക്ഷം പേർവരെ പ്രത്യക്ഷമായും പരോക്ഷമായും വള്ളസദ്യയിൽ പങ്ക് കൊണ്ടിരുന്ന സ്ഥാനത്താണ് അൻപതു പേർക്ക് പോലും സമൂഹവള്ളസദ്യയിൽ പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായത്.
കോവിഡ്-19 ൻ്റെ മുൻ കരുതലിൻ്റെ ഭാഗമായി സദ്യ തയ്യാറാക്കുന്ന പാചകക്കാർക്കും വിളമ്പുന്നവർക്കും കോവിഡ്-19 സ്രവ പരിശോധന നടത്തി കഴിഞ്ഞു. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. 2018 ലും 2019 ലും അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കിയ വിജയൻ നടമംഗലത്താണ് ഇത്തവണയും വള്ളസദ്യ തയ്യാറാക്കുന്നത്.