പള്ളിക്കൽ : ആറാട്ടുചിറ മുഴവൻ പായൽപിടിച്ച് നാശാവസ്ഥയിലാണ്. ചിറയുടെ അരികുകളാകട്ടെ കാടുകയറിയ നിലയിലും. ചിറയിലെ ഒരുതുള്ളി വെള്ളംപോലും കാണാൻ പറ്റാത്ത നിലയിൽ പായൽമൂടി കിടക്കുകയാണ്. വെള്ളത്തിന്റെ ആഴം മനസ്സിലാക്കാതെ കുട്ടികൾ ചിറയിൽ ഇറങ്ങിയാൽ അപകടത്തിൽ പ്പെടുമെന്നുറപ്പാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. സംസ്ഥാന ഹരിതമിഷന്റെ പദ്ധതി പ്രകാരം ആറാട്ടുചിറയുടെ അതിരുകൾ പച്ചത്തുരുത്തായി മാറ്റാൻ വർഷങ്ങൾക്കുമുമ്പ് ഒരു പദ്ധതി നടപ്പാക്കിയിരുന്നു. ചിറയിലെ പായൽ വാരി ചുറ്റിനും മരങ്ങളും ഔഷധച്ചെടികളും നട്ടു പിടിപ്പിച്ചാണ് ചിറ പച്ചത്തുരുത്താക്കി മാറ്റാൻ ശ്രമിച്ചത്.
ഇതിനായി സീതപ്പഴം, ഞാവൽ, മാതളം, നാരകം, മുള തുടങ്ങിയവയുടെ പത്തോളം തൈകൾ വീതം ചുറ്റിനും വെച്ചുപിടിപ്പിച്ചു. കൂടാതെ പച്ചത്തുരുത്ത് എന്നൊരു ബോർഡുംവെച്ചു. അന്ന് നട്ട തൈകൾ പലതും സംരക്ഷണമില്ലാതെ നശിച്ചു. ബാക്കിയുള്ളത് നാൽക്കാലികൾ തിന്നു. ഇത് തടയാൻ ലക്ഷങ്ങൾ മുടക്കി ചിറയ്ക്കുചുറ്റും സംരക്ഷണവേലി കെട്ടി. ഈ വേലിക്കുമുകളിലൂടെ കാട് വളർന്നു. ചിറയുടെ കരയിൽ പള്ളിക്കൽ പഞ്ചായത്ത് പച്ചത്തുരുത്ത് എന്ന ഒരു ബോർഡ് വെച്ചിട്ടുണ്ട്. ഇതാണ് ഇവിടെ വരുന്നവർക്ക് പച്ചത്തുരുത്താണ് എന്ന് മനസ്സിലാക്കാനുള്ള ഏക ആശ്രയം.