കോഴഞ്ചേരി : ആറാട്ടുപുഴ ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന 787-ാം നമ്പർ ആറാട്ടുപുഴ സർവീസ് സഹകരണബാങ്കിന്റെ ഭരണസമിതിയിലുള്ള സി.പി.എം. അംഗങ്ങൾ ഒന്നടങ്കം രാജിവെച്ചു. വർഷങ്ങളായി സി.പി.എം. നേതൃത്വമാണ് ബാങ്ക് ഭരിച്ചുകൊണ്ടിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് അന്നത്തെ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ രാജിവെക്കുകയും സി.പി.എം. ജില്ലാ നേതൃത്വം ഇടപെട്ട് ചില അംഗങ്ങളെ സർക്കാർ നോമിനിയായി നാമനിർദേശം ചെയ്താണ് ഭരണസമിതി പുനഃസംഘടിപ്പിച്ചത്. ഇവരാണ് ഇപ്പോൾ ഒന്നടങ്കം രാജിവെച്ചിരിക്കുന്നത്. വളരെ നാളത്തെ പഴക്കമുള്ള മധ്യതിരുവിതാംകൂറിലെ സഹകരണ മേഖലയിലെ മികച്ച സഹകരണ ബാങ്കായിരുന്നു ആറാട്ടുപുഴയിലേത്. കാർഷികഗ്രാമമായ ആറന്മുള ഗ്രാമപ്പഞ്ചായത്തിലെ കർഷകർക്കും മധ്യാവർത്തി സമൂഹത്തിനും ഏറെ പ്രയോജനകരമായിരുന്ന ബാങ്ക് സി.പി.എം. നേതൃത്വം ഭരണസാരഥ്യം ഏറ്റെടുത്തതിനെ തുടർന്നാണ് തകർച്ചയിലേക്ക് നീങ്ങിയതെന്ന് സഹകാരികൾ പറയുന്നു.
അഞ്ച് കോടിയിലധികം രൂപ നിക്ഷേപകർക്കു തന്നെ കൊടുക്കാനുണ്ട്. ആറാട്ടുപുഴ, പുത്തൻകാവ് പ്രദേശങ്ങളിലെ വിദേശ മലയാളികളുടെ വൻ നിക്ഷേപവും ബാങ്കിലുണ്ടായിരുന്നു. നിക്ഷേപകർക്ക് ഇത്രയധികം തുക കൊടുക്കാനുള്ളപ്പോൾ വായ്പ ഇനത്തിൽ രണ്ടര കോടി രൂപ മാത്രമാണ് ബാങ്കിന് ലഭിക്കാനുള്ളതെന്നും പറയുന്നു. മതിയായ രേഖകൾ ഇല്ലാതെയും വിലക്കുറവുള്ള വസ്തുക്കളുടെ ഈടിൻമേലും വൻ തുകകളാണ് സി.പി.എം. ഭരണസമിതി വായ്പയായി കൊടുത്തിരുന്നതെന്നാണ് സഹകാരികൾ പറയുന്നത്. സെക്രട്ടറിയും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കിൽ നിലവിലുള്ളത്. ബാങ്കിന്റെ സാമ്പത്തികസ്ഥിതിയെപ്പറ്റി ഒരക്ഷരം പുറത്തുപറയരുതെന്നാണ് രാജിവെച്ച ഭരണസമിതിയംഗങ്ങളോടും ബാങ്കുമായി ബന്ധപ്പെട്ട സി.പി.എം. അംഗങ്ങൾക്കും നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. ഈടുവസ്തുക്കൾ ലേലംചെയ്ത് കൊടുത്താൽപോലും ബാങ്കിന് കിട്ടാനുള്ള തുക ലഭിക്കുകയില്ല. സഹകാരികൾ തമ്മിൽ പരസ്പരജാമ്യത്തിൽ 5000 രൂപ മുതൽ 50000 രൂപ വരെ വായ്പ നൽകിയിട്ടുണ്ട്. ഇങ്ങനെ നൽകിയിട്ടുള്ള തുക എല്ലാം ബാങ്കിന്റെ കിട്ടാക്കടമായി. തിരച്ചടവായിവരുന്ന തുകയിൽനിന്നാണ് നിക്ഷേപകരിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് 1000 രൂപ മുതൽ 2000 രൂപ വരെ പലിശയിനത്തിൽ നൽകുന്നതെന്നും ഇതുതന്നെ ബാങ്കിൽച്ചെന്ന് വളരെയധികം വഴക്കുണ്ടാക്കിയാണ് ലഭിക്കുന്നതെന്നും നിക്ഷേപകർ പറഞ്ഞു.