ചാരുംമൂട്: ശബരിമല ദേവസ്വം കൗണ്ടറില്‍ നിന്ന് വാങ്ങിയ അരവണ പായസത്തിനുള്ളില്‍ ചത്ത പല്ലിയെ കണ്ടെത്തി. നൂറനാട് പാലമേല്‍ മറ്റപ്പള്ളി കുളത്തിന്ത്തറയില് ഗോപിനാഥന് പിള്ളയുടെ ചെറുമകന് കിരണ്‍ വാങ്ങിയ രണ്ടു ടിന് അരവണയില്‍ ആദ്യ ടിന്നിലുള്ളിലാണ് ചത്ത പല്ലിയെ കണ്ടത്. കിരണും കൂട്ടുകാരും തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം ശബരിമല ദര്‍ശനം നടത്തി മടങ്ങവെയാണ് അരവണ വാങ്ങിയത്.
ഇന്നലെ വൈകിട്ട് ഇതില്‍ ഒരു ടിന് വീട്ടിലുള്ളവര്‍ക്ക് പ്രസാദമായി കൊടുക്കാന്‍ സ്പൂണ്‍ ഉപയോഗിച്ച് കോരി എടുക്കുന്നതിനിടയിലാണ് അരവണയുടെ നടുഭാഗത്തായി പല്ലിയുടെ ജഡം കണ്ടത്. അരവണ ടിന് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ശബരിമലയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ളത് അരവണയ്ക്കാണ്. അരവണ വില്‍പ്പനയില്‍ റെക്കാഡ് വരുമാനമാണ് ദേവസ്വം ബോര്‍ഡിന് ഓരോ സീസണിലും ലഭിക്കുന്നത്. എന്നാല്‍ അരവണ നിര്‍മ്മാണത്തില്‍ വീഴ്ച സംഭവിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയാക്കുന്നത്.
പത്ത് വര്‍ഷം മുമ്പുവരെ അരവണ നിര്‍മ്മാണം ലേലത്തില്‍ പിടിക്കുന്ന വ്യക്തികള്‍ക്ക് നിര്‍മ്മാണം, വിതരണം എന്നിവയുടെ അവകാശം കൈമാറുന്ന രീതിയാണ് തുടര്‍ന്നു വന്നിരുന്നത്. അന്ന് അരവണ ടിന്നിനുള്ളില്‍ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കരാറുകാരനെ നീക്കം ചെയ്ത് അരവണ നിര്‍മ്മാണവും വിതരണവും ദേവസ്വം ബോര്‍ഡ് നേരിട്ട് ഏറ്റെടുത്തത്.