തിരുവനന്തപുരം : സിപിഎമ്മിന് മാധ്യമങ്ങളെ അലർജിയോ? ഈ ചോദ്യത്തിന് ദിവസംതോറും പ്രസക്തി ഏറുകയാണ്. ഏത് വിമർശനങ്ങളെയും നേരിടാൻ കെൽപ്പുള്ളവരാണെന്ന് സിപിഎം അവകാശപ്പെടുമ്പോഴും പാർട്ടിക്കെതിരെയുള്ള ചെറിയ വിമർശനങ്ങളെപ്പോലും ഉൾക്കൊള്ളാൻ സിപിഎമ്മിന് സാധിക്കുന്നില്ല എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. ഭരണപക്ഷത്തിനെതിരെ ആരോപണങ്ങൾ ഉയർന്നുവരുന്നത് എല്ലാക്കാലത്തും സ്വാഭാവികമാണ്. ഉയർന്നുവരുന്ന ആരോപണങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ ഭാഷയില്‍ മറുപടി നല്‍കാന്‍ കഴിയുന്നിടത്താണ് ഭരണപക്ഷത്തിന്റെ വിജയം. എന്നാല്‍ ഇതിനെല്ലാം വിപരീതമായി വിമർശനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന രീതിയാണ് സിപിഎം അടുത്തകാലത്ത് പിന്തുടരുന്നത്.
ഭരണപക്ഷത്തിന്റെ വികസന പ്രവർത്തനങ്ങൾ മാത്രം ജനങ്ങളുടെ മുൻപിൽ എത്തിക്കുന്നതല്ല മാധ്യമ ധർമ്മം. തെറ്റും കുറ്റങ്ങളും കണ്ടെത്തി അവ ജനങ്ങളിലേക്ക് നീതിബോധത്തോടെ എത്തിക്കുക എന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. മാധ്യമങ്ങൾക്ക് നീതിപുലർത്തേണ്ടത് ജനങ്ങളോട് മാത്രമാണ്, അതുകൊണ്ട് തന്നെ ഭരണരംഗത്തെ അഴിമതി, കെടുകാര്യസ്ഥത, ധൂര്‍ത്ത് ഇവയൊക്കെ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. മാധ്യമസ്വാതന്ത്ര്യമാണ് വലുതെന്ന് അവകാശപ്പെടുന്ന സിപിഎം പ്രശ്നങ്ങൾ ഉയർന്നു വരുമ്പോൾ മാധ്യമങ്ങളെ തള്ളിപ്പറയുകയും സ്വയം പോലീസും കോടതിയുമൊക്കെയായി മാറുകയാണ്. പാര്‍ട്ടിയുടെ കൊടി പുതച്ച മാധ്യമങ്ങളെ മാത്രം നീതിയുക്ത മാധ്യമപ്രവർത്തകരായി ചിത്രീകരിക്കുന്നു. മറ്റുള്ളവരെ ഭീഷണിയിലൂടെ ഒതുക്കുവാനും ശ്രമിക്കുന്നു. കേന്ദ്രസർക്കാരിന്റെ മാധ്യമ വേട്ടയാടലുകളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന സിപിഎമ്മിന്റെ നിലപാട് മാറ്റം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സമീപനത്തിൽ നിന്നുമാത്രം വ്യക്തമാകും. കേന്ദ്ര വേട്ടയാടലിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ അദ്ദേഹം കേരളത്തിലെ മാധ്യമ വേട്ടയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുമ്പില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
തുടർഭരണത്തിന്റെ അഹങ്കാരത്തിലാണ് സിപിഎം ഇപ്പോള്‍. കേരളം പകച്ചുനിന്ന കോവിഡ് പ്രതിസന്ധിഘട്ടത്തിലും പ്രളയസമയത്തും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ ഉൾപ്പെടെ സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങൾ അണുവിടാതെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഓണ്‍ലൈന്‍ ഉള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും പൂര്‍ണ്ണമായി സഹകരിച്ചിരുന്നു. പാര്‍ട്ടി ചാനലും പാര്‍ട്ടി പത്രവും മാത്രമല്ല അന്ന് സര്‍ക്കാരിനൊപ്പം നിന്നത്. സർക്കാരിനൊപ്പം നിന്ന മാധ്യമങ്ങളെയും അവരുടെ പ്രവർത്തനങ്ങളെയും തീര്‍ത്തും കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് ഇപ്പോള്‍ ഭരണപക്ഷത്തിന്റെ പോക്ക്. വിമർശനങ്ങൾ ഉന്നയിക്കുമ്പോള്‍ ഇതേ മാധ്യമങ്ങളെ തള്ളിപ്പറയുന്ന ശീലം ആരായാലും അംഗീകരിക്കാൻ കഴിയാത്തതാണ്. ഇടതുപക്ഷ പാര്‍ട്ടികളുടെ ഈ ഇരട്ടത്താപ്പ് നയം ഇപ്പോള്‍ മാധ്യമ രംഗത്ത് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ വാർത്തകൾ വന്നാൽ സിപിഎം പ്രതികരിക്കില്ല. മുഖത്തുനോക്കി കാര്യം പറയുന്ന മാധ്യമപ്രവർത്തകരുടെ ചർച്ചകളിൽ പോലും പങ്കെടുക്കാൻ സിപിഎമ്മിന്റെ ചില പ്രത്യേക നേതാക്കൾ വിമുഖതയും കാണിക്കുന്നു. കൃത്യമായി പ്രതികരിക്കാതെ മാധ്യമങ്ങളെ കളിയാക്കുന്നു. സിപിഎമ്മിനെ മാത്രം വേട്ടയാടുകയാണ് മാധ്യമങ്ങളുടെ ലക്ഷ്യം എന്ന് കരുതിയെങ്കിൽ തെറ്റി. ഭരണ പാർട്ടികൾക്ക് സ്തുതി പാടുവാൻ മാത്രമല്ല, തെറ്റുകളെ തെറ്റുകളായിത്തന്നെ ജനങ്ങൾക്ക് മുൻപിൽ എത്തിക്കുവാന്‍ ഒരു മാധ്യമങ്ങൾക്കും ഭയപ്പെടേണ്ട കാര്യമില്ല. മാധ്യമങ്ങൾക്ക് സിപിഎമ്മിനെ മാത്രം വേട്ടയാടേണ്ട ആവശ്യമില്ല എന്നതുകൂടി തിരിച്ചറിയണം. ചില വാര്‍ത്തകള്‍മാത്രം കണ്ടില്ലെന്ന് നടിക്കാൻ എല്ലാ മാധ്യമങ്ങളും പാര്‍ട്ടിയുടെ കൊടി പുതച്ച ചാനലുകൾ അല്ല എന്നത് സർക്കാർ തിരിച്ചറിയേണ്ടിയിരിക്കുന്നു.































