കൊച്ചി : കരിപ്പൂർ സ്വർണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയുടെ സംഘം ‘കൊടകര മോഡൽ’ കുഴൽപണ കവർച്ചകളും നടത്തിയിട്ടുണ്ടെന്നു വിവരം. അർജുന്റെ ബിനാമിയെന്നു കസ്റ്റംസ് പറയുന്ന കണ്ണൂരിലെ സഹകരണ ബാങ്ക് ജീവനക്കാരൻ സി.സജേഷിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചു.
അർജുൻ ചതിയനാണെന്നും സ്വർണക്കടത്തും ക്വട്ടേഷൻ ഇടപാടുകളും മറച്ചുവെച്ചാണു കാറു വാങ്ങാൻ തന്റെ പേരിൽ ബാങ്കു വായ്പയെടുത്തതെന്നും ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സജേഷ് മൊഴി നൽകിയിട്ടുണ്ട്. വായ്പ തിരിച്ചടവു മുടങ്ങിയതിനാൽ ബാങ്കു വായ്പ തരില്ലെന്നു വിശ്വസിപ്പിച്ചാണു തന്റെ പേരിൽ വാഹനവായ്പ എടുത്തത്. അതു തിരിച്ചടയ്ക്കുന്നത് അർജുനാണ്. ഈ വാഹനം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വിവരം അറിയില്ലായിരുന്നു – ഇതാണു സജേഷിന്റെ മൊഴി. മൊഴികൾ പരിശോധിച്ച ശേഷം തുടർനടപടികൾക്ക് ഒരുങ്ങുകയാണ് കസ്റ്റംസ്. അർജുന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമില്ലെന്ന സജേഷിന്റെ മൊഴികൾ അന്വേഷണസംഘം പൂർണമായി വിശ്വസിക്കുന്നില്ല.
സ്വർണക്കടത്ത് ഒഴികെ അർജുൻ പങ്കാളിയായ മറ്റു കുറ്റകൃത്യങ്ങൾ കസ്റ്റംസിന്റെ അന്വേഷണ പരിധിയിൽ വരുന്നവയല്ല. അർജുൻ, കാരിയർ മുഹമ്മദ് ഷഫീഖ് എന്നിവരെ കോടതിയിൽ തിരികെ ഹാജരാക്കും മുമ്പ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൂഫിയാനെ ചോദ്യം ചെയ്യാനും കസ്റ്റംസ് ഒരുങ്ങുന്നുണ്ട്. അർജുൻ ആയങ്കിയും സംഘവും കടത്തിയതും കവർച്ച ചെയ്തതുമായ സ്വർണം കണ്ടെത്താനും അന്വേഷണസംഘം ശ്രമം തുടങ്ങി. ഇതിനു സഹായകരമായ ചില സൂചനകൾ സജേഷ് നൽകിയിട്ടുണ്ട്.