ന്യൂഡല്‍ഹി : ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കരസേനാ മേധാവി എം.എം നരവാനെ അതിര്‍ത്തിയില്‍ നേരിട്ടെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. നേരത്തെ ചൈനയുമായി സംഘര്‍ഷം നിലനിന്നിരുന്ന പാംഗോങ് തടാകത്തിന്‍റെ തെക്കന്‍ തീരത്തെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് നരവാനെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് നിയന്ത്രണ രേഖയിലെത്തിയ നരവാനെ ഉധംപുര്‍ ആസ്ഥാനമായ വടക്കന്‍ കമാന്‍ഡിന്‍റെ ഭാഗമായ പതിനാലാം സൈനിക യൂണിറ്റ് സന്ദര്‍ശിച്ചു. ഇന്ത്യയുടെ തയ്യാറെടുപ്പുകളെക്കുറിച്ച് കമാന്‍ഡിങ് ഓഫീസറും ഫയര്‍ ആന്‍ഡ് ഫുറി സൈനിക ഉദ്യോഗസ്ഥരും കരസേനാ മേധാവിയോട് വിശദീകരിച്ചു.
വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം നരവാനെ ബുധനാഴ്ച വൈകീട്ടോടെ ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബര്‍ 18നാണ് ഇരുരാജ്യങ്ങളും തമ്മില്‍ അവസാനഘട്ട നയതന്ത്ര ചര്‍ച്ചകള്‍ നടന്നിരുന്നത്.
അതിര്‍ത്തി വിഷയങ്ങള്‍ സംബന്ധിച്ച കാര്യങ്ങളിലുള്ള കൂടിയാലോചനയ്ക്കും ഏകോപനത്തിനുമായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ യോഗം വിളിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു.