കൊച്ചി: കൊച്ചിയില്‍ കഞ്ചാവ് കേസില്‍ ഗ്രേഡ് എസ് ഐ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. 28 കിലോ കഞ്ചാവ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ പിടികൂടിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വാഴക്കുളം എഴിപ്രം ഉറുമത്ത് വീട്ടില്‍ നവീന്‍ (21) ഇയാളുടെ അച്ഛന്‍ സാജന്‍ (56), അറയ്ക്കപ്പടി വെങ്ങോല ഒളിയ്ക്കല്‍ വീട്ടില്‍ ആന്‍സ് (22), പെരുമ്പാവൂര്‍ വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റു കണ്ടം ബേസില്‍ തോമസ് (22) എന്നിവരാണ് പിടിയിലായത്. ആലുവ തടിയിട്ടപറമ്പ് ഗ്രേഡ് എസ് ഐ ആണ് അറസ്റ്റിലായ സാജന്‍.
കഴിഞ്ഞ ദിവസം ആലുവ റെയില്‍ വേ സ്റ്റേഷനില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയിരുന്നത്. സാജന്റെ മകന്‍ നവീനിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചിരുന്നത്. നവീനിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചതിനാണ് എസ് ഐ അറസ്റ്റിലായത്. സംഭവശേഷം വിദേശത്തേക്ക് കടന്ന നവീനെ തന്ത്രപൂര്‍വം നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയാണെന്നറിഞ്ഞിട്ടും മകനെ സംരക്ഷിക്കുകയും, വിദേശത്തക്ക് കടക്കാന്‍ സഹായിക്കുകയും ചെയ്തതിനാണ് സാജനെ അറസ്റ്റ് ചെയ്തത്.