ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ അറസ്റ്റിനെതിരെ ഇന്നും ആം ആദ്മി പാർട്ടി ശക്തമായി പ്രതിഷേധിക്കും. ഡൽഹിയിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ ഇന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. വൈകീട്ട് മെഴുകുതിരി തെളിച്ചും എ എ പി പ്രതിഷേധിക്കും. വരുന്ന ഞായറാഴ്ച ഇന്ത്യ സഖ്യം പ്രതിഷേധ മഹാറാലിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതുപ്പോലെ മുഖ്യമന്ത്രി സ്ഥാനത്ത് കെജരിവാൾ തുടരുന്നതിലെ ധാർമ്മികത ചോദ്യം ചെയ്ത് ബി ജെ പിയും പ്രതിഷേധത്തിലാണ്. ജയിലിൽ നിന്ന് ഭരിക്കാമെന്ന് കെജ്രിവാൾ കരുതേണ്ടെന്നാണ് ബി ജെ പി പ്രവർത്തകർ പറയുന്നത്. ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ബി ജെ പി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഇ ഡി കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ കൃത്യനിർവഹണം നടത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ ലഫ്. ഗവർണർക്ക് പരാതി ലഭിച്ചിട്ടുണ്ട്.
ജലബോർഡുമായി ബന്ധപ്പെട്ട ഉത്തരവാണ് കെജ്രിവാീൾ ഇറക്കിയത്. കെജ്രിവാളിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാലാണ് ലഫ്. ഗവർണർക്ക് പരാതി നൽകിയത്. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നിയമലംഘനമാണെന്നും നടപടി ക്രമങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് പരാതി. മുഖ്യമന്ത്രിയുടെ ഉത്തരവ് വ്യാജമായി കെട്ടിചമച്ചതാണോ എന്നകാര്യമടക്കം അന്വേഷിക്കണെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.