തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. രണ്ട് ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. നാളെ കരിദിനം ആചരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം കോടതി ഉത്തരവുള്ളതിനാല്‍ സുധാകരനെ ജാമ്യത്തില്‍ വിട്ടു. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്.
രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ കെ സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാല്‍ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിട്ടു. മോന്‍സന്‍ മാവുങ്കല്‍, കെ സുധാകരന് പത്ത് ലക്ഷം രൂപ നല്‍കിയതായി മോന്‍സന്റെ ജീവനക്കാരും മൊഴി നല്‍കിയിരുന്നു. കേസില്‍ നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും കെ സുധാകരന്‍ മുന്‍കൂര്‍ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.