ജോധ്പൂര്‍: ഇടിച്ചിട്ട ട്രാഫിക് പോലീസുകാരനെ ബോണറ്റിലിരുത്തി കാര്‍ ഓടിച്ച വിദ്യാര്‍ത്ഥി പിടിയില്‍. രാജസ്ഥാനിലെ ജോധപൂരിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കാറിന്റെ ബോണറ്റിലിട്ട് മുന്നോട്ട് പോവുകയായിരുന്നു. ഓമറാം ദേവാസി എന്ന വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. സംഭവത്തില്‍ ഗോവിന്ദ് വ്യാസ് എന്ന ട്രാഫിക് പോലീസുകാരന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
തിരക്കേറിയ ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിയോട് കാര്‍ നിര്‍ത്താന്‍ ട്രാഫിക് ചുമതലയിലുണ്ടായിരുന്ന പോലീസുകാരന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാന്‍ തയ്യാറാകാതെ വിദ്യാര്‍ത്ഥി കാറ് മുന്‍പോട്ട് എടുക്കുകയായിരുന്നു. കാറിടിച്ച് ട്രാഫിക് പോലീസുകാരന്‍ ബോണറ്റില്‍ വീണിട്ടും കാര്‍ നിര്‍ത്താന്‍ ഇയാള്‍ തയ്യാറായില്ല. കുറച്ച് ദൂരം മുന്നോട്ട് പോയ വാഹനം പോലീസുകാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.