കൊച്ചി : കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയില്‍ . പശ്ചിമ ബംഗാള്‍ മുര്‍ഷിദബാദ് സ്വദേശി മാണിക്ക് ഭായി എന്ന് അറിയപ്പെടുന്ന ജെന്റു ഷേക്ക് (24) നെയാണ് ആലുവ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പിടികൂടിയത് . പരിശോധനയില്‍ പ്രതിയുടെ പക്കല്‍ നിന്ന് ഒന്നേകാല്‍ കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു .
ബംഗാളില്‍ നിന്ന് തുച്ഛമായ വിലക്ക് കഞ്ചാവ് വാങ്ങി ഇവിടെ എത്തിച്ച ശേഷം ഇയാളുടെ സുഹൃത്തുക്കളായ അന്യസംസ്ഥാനക്കാരുടെ സഹായത്തോടെയാണ് പ്രതി വില്‍പ്പന നടത്തിയിരുന്നത് . ആലുവ, ചൂണ്ടി, ചുണങ്ങംവേലി, എടത്തല എന്നീ സ്ഥലങ്ങളില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ചാണ് പ്രധാന വില്‍പ്പന .
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാളുടെ സഹായിയായ അന്യസംസ്ഥാനകാരനെ കഞ്ചാവുമായി ഉദോഗസ്ഥര്‍ പിടികൂടിയിരുന്നു . ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മാണിക്ക് ഭായിയെ കുറിച്ച് വിവരം ലഭിക്കുന്നത് . കഞ്ചാവുമായി മാണിക്ക് പശ്ചിമ ബംഗാളില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്നും എക്സൈസിന് വിവരം ലഭിച്ചു .
ഇയാള്‍ ട്രെയിന്‍ മാര്‍ഗ്ഗം പാലക്കാടോ, തൃശൂരോ ഇറങ്ങി അവിടെ നിന്ന് ബസില്‍ പെരുമ്പാവൂര്‍ വന്ന ശേഷമാണ് എടത്തലയിലുള്ള താമസ സ്ഥലത്ത് എത്തുകയുള്ളൂ എന്ന് മനസിലാക്കിയ എക്‌സൈസ് സംഘം വേഷ പ്രച്ഛന്നരായി എടത്തലയില്‍ വച്ച് ബലപ്രയോഗത്തിലൂടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.