ആലപ്പുഴ: ചാരുംമൂട്ടില്‍ വ്യാപാരിയെ കടയില്‍ കയറി മര്‍ദ്ദിക്കുകയും വനിതാ ജീവനക്കാരെ ഷട്ടറിട്ട് പൂട്ടുകയും ചെയ്തതായി പരാതി. ചാരുംമൂട് ടൗണിലെ ഫാന്‍സി കടയിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. കടയുടമയുടെ പരാതിയില്‍ താമരക്കുളം സ്വദേശി വിജയകുമാറിനെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കടയുടമ ഹസന്‍കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഹസന്‍കുഞ്ഞ് പള്ളിയില്‍നിന്നും നിസ്കരിച്ചു എത്തിയപ്പോള്‍ വിജയകുമാര്‍ കടയില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. മൂക്കിന് മര്‍ദ്ദനമേറ്റ ഹസന്‍കുഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിജയകുമാര്‍ ഇടക്ക് വന്നു കടം മേടിച്ചതിന്റെ പേരില്‍ പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.