എംജി മോട്ടോർസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള വാഹനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് എംജി ആസ്റ്റർ (MG Astor). മികച്ച നിരവധി സവിശേഷതകളുമായി വരുന്ന ഈ വാഹനം ഇപ്പോൾ നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. ആകർഷകമായ കിഴിവുകളാണ് എംജി ആസ്റ്റർ വാങ്ങുന്ന ആളുകൾക്ക് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഓഫറുകൾ ജൂൺ മാസത്തിൽ മാത്രമേ ലഭിക്കുകയുള്ളു. ഒന്നര ലക്ഷം രൂപ വരെയുള്ള ഓഫറുകൾ ഈ എംജി ആസ്റ്ററിന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എംജി ആസ്റ്റർ നാച്ചുറലി ആസപിരേറ്റഡ് പെട്രോൾ, ടർബോ പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്.
ഈ രണ്ട് ഓപ്ഷനുകൾക്കും വ്യത്യസ്തമായ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എംജി ആസ്റ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനുമായി വരുന്ന വേരിയന്റുകൾക്ക് 75,000 രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി നൽകുന്നത്. അതേസമയം, ഈ വാഹനത്തിന്റെ ടർബോ പെട്രോൾ വേരിയന്റുകൾ 1.50 ലക്ഷം രൂപ വരെ കിഴിവുകളും എംജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. വേരിയന്റുകളും സ്റ്റോക്കും അനുസരിച്ച് ഓഫറുകൾ വ്യത്യാസപ്പെടാം. എംജി ആസ്റ്റർ ഇന്ത്യൻ വിപണിയിൽ അഞ്ച് വേരിയന്റുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. സ്‌റ്റൈൽ, സൂപ്പർ, ഷാർപ്പ്, സ്‌മാർട്ട്, സാവി എന്നിവയാണ് ഈ വാഹനത്തന്റെ വേരിയന്റുകൾ.
എംജി ആസ്റ്റർ എസ്‌യുവി ബിഎസ്6 ഫേസ്2 കംപ്ലയിന്റ് 1.5 ലിറ്റർ എൻഎ പെട്രോൾ എഞ്ചിൻ, 1.3-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. എൻഎ പെട്രോൾ എഞ്ചിൻ 106 എച്ച്‌പി പവറും 144 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ടർബോ-പെട്രോൾ എഞ്ചിനിൽ 136 എച്ച്പി പവറും 220 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.5 സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് എൻഎ പെട്രോൾ എഞ്ചിൻ ലഭിക്കുന്നത്. ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്സാണ് കമ്പനി നൽകിയിട്ടുള്ളത്. അടുത്തിടെ എംജി മോട്ടോർ ആസ്റ്റർ എസ്‌യുവിയുടെ പുതിയ ഹവാന ഗ്രേ കളർ ഓപ്ഷനും രാജ്യത്ത് അവതരിപ്പിച്ചിരുന്നു. വാഹനത്തിന്റെ അഞ്ച് വേരിയന്റുകളിലും ഈ പുതിയ കളർ ഓപ്ഷൻ ലഭ്യമാണ്. മികച്ച സാങ്കേതിക ഫീച്ചറുകളാണ് ഈ വാഹനത്തിൽ എംജി നൽകിയിട്ടുള്ളത്.
വൈകാതെ തന്നെ എംജി ആസ്റ്ററിന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. കമ്പനി അടുത്തിടെ വരാനിരിക്കുന്ന ആസ്റ്റർ 2023 എസ്‌യുവിയുടെ ഒരു ടീസർ ചിത്രം പുറത്തിറക്കിയിരുന്നു. 2011ൽ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ച ആസ്റ്റർ എസ്‌യുവി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഫീച്ചറുമായി എത്തിയ സെഗ്മെന്റിലെ ആദ്യത്തെ വാഹനം കൂടിയാണ്. എംജി ആസ്റ്റർ ഫേസ്‌ലിഫ്റ്റ് എസ്‌യുവി അതിന്റെ വിഭാഗത്തിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യയുള്ള എസ്‌യുവിയായിരിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.