അരൂക്കുറ്റി : തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരാജയത്തിന് പിന്നാലെ സി.പി.എം അരൂക്കുറ്റി ലോക്കല്‍ കമ്മിറ്റിയില്‍ പൊട്ടിത്തെറി. നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 36പേരെ പുറത്താക്കി. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ മറ്റ് ബ്രാഞ്ചുകളിലുള്ളവര് പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുമെന്നറിയിച്ച് പരാതിയുമായി സംസ്ഥാന നേതൃത്വത്തെ സമീപിച്ചു.
ജില്ല കമ്മിറ്റി അംഗത്തിന്റെ അധ്യക്ഷതയില്‍ നാലിന് കൂടാനിരുന്ന ജനറല്ബോഡിപോലും വിഭാഗീയതയെ തുടര്‍ന്ന് മാറ്റിവെക്കേണ്ടിവന്നിട്ടുണ്ട്. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാം വാര്‍ഡില്‍ സി.പി.എം ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി റിബല്‍ സ്ഥാനാര്‍ഥി കെ.എ. മാത്യുവിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 36 പേരെയാണ് കൂട്ടത്തോടെ ഔദ്യോഗികപക്ഷം പുറത്താക്കിയത്.
ഈ വാര്‍ഡില്‍ മത്സരിച്ച സി.പി.എം ഔദ്യോഗിക സ്ഥാനാര്‍ഥി ജയദേവന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ സജീവമായിരുന്ന മാത്യുവിനെ തെരഞ്ഞെടുപ്പ് സമയത്താണ് പുറത്താക്കിയത്. ലോക്കല്‍ കമ്മിറ്റി അംഗവും എ.കെ.ജി ബ്രാഞ്ച് സെക്രട്ടറിയുമായ സുരേഷ്, കാട്ടിലമഠം ബ്രാഞ്ച് സെക്രട്ടറി വി.എസ്.അജയന്, നായനാര്‍ ബ്രാഞ്ച് സെക്രട്ടറി പി.എം. ഉദയന്‍, ഹിദായത്ത് ബ്രാഞ്ച് സെക്രട്ടറി ബോസ് (പി.ബി. സന്തോഷ്), ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ് കെ.പി. അനീഷ്, വടുതലജെട്ടി യൂണിറ്റ് സെക്രട്ടറി വിഷ്ണു എന്നിവരടക്കമുള്ളവരാണ് നടപടിക്ക് വിധേയരായത്.
തെരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ കടുത്ത നടപടിയിലേക്ക് പോയാല്‍ സമീപപ്രദേശങ്ങളിലടക്കം പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാകുമെന്നാണ് ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍. നടപടിക്ക് വിധേയരായവര്‍ ജില്ല-സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
വ്യാജ മെംബര്‍ഷിപ്പിന്റെ പേരില്‍ എല്‍.സിക്കെതിരെ സംസ്ഥാന കമ്മിറ്റിയില്‍ പരാതി കൊടുത്തതിന്റെ പ്രതികാര നടപടിയായിട്ടാണ് 36 പേരെ പുറത്താക്കിയതെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. സംസ്ഥാന കമ്മിറ്റിയില്‍നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നൂറ്റമ്പതോളം പാര്‍ട്ടിപ്രവര്‍ത്തകര്‍ അംഗത്വം ഉപേക്ഷിക്കുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.
വാര്‍ഡ് കമ്മിറ്റിയുടെ അഭിപ്രായം മാനിക്കാതെ എല്‍.സി ഏകപക്ഷീയമായാണ് മൂന്നാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നാണ് ഇവര്‍ പറയുന്നത്. അതിന്റെ തെളിവാണ് റിബല്‍ സ്ഥാനാര്‍ഥി 128 വോട്ടിന് വിജയിച്ചത്. ഒന്‍പതാം വാര്‍ഡില്‍ ഇടതുസ്ഥാനാര്‍ഥിക്ക് 40 വോട്ട് മാത്രം ലഭിച്ചതിന്റെ കാരണങ്ങളെപ്പറ്റി പഠിച്ച് നടപടിയെടുക്കാതെ മൂന്നാം വാര്‍ഡില്‍ മാത്രം നടപടിയുമായി മുന്നോട്ടുപോകുന്നത് എല്‍.സിയുടെ പകപോക്കലാണെന്നും പറയുന്നു. എല്‍.സി മെമ്പര്‍ ഉള്‍പ്പെടെ നാല്‍പ്പതോളം പാര്‍ട്ടി അംഗങ്ങളുള്ള ഇവിടെ റിബല്‍ സ്ഥാനാര്‍ഥിക്ക് 404 വോട്ടാണ് ലഭിച്ചത്.
മൂന്നാം വാര്‍ഡിലെ ഒരു സി.ഐ.ടി.യു പ്രവര്‍ത്തകന്റെ കുടുംബത്തിലെ നാല് പോസ്റ്റല്‍ വോട്ട് ബി.ജെ.പിക്ക് ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ എല്‍.സി തയ്യാറായിട്ടുമില്ല. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേ വിഭാഗീയതക്ക് അറുതിവരുത്താന്‍ സംസ്ഥാന നേതൃത്വം ഇടപെടാന്‍ സാധ്യതയുണ്ട്.